മുംബൈ : ലഹരിമരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചതിനു പിന്നാലെ, ആര്യനെ അറസ്റ്റ് ചെയ്ത നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെയ്‌ക്കെതിരെ നടപടിക്കു ശുപാർശ. ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന സമീർ വാങ്കഡെയ്‌ക്കെതിരെ, ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്നു കേസിലെ അശ്രദ്ധമായ അന്വേഷണം കൂടി മുൻനിർത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടിക്കു ശുപാർശ ചെയ്തിരിക്കുന്നത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമർപ്പിച്ച 6,000 പേജുള്ള കുറ്റപത്രത്തിൽനിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ ആറുപേരെ എൻസിബി ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്യനെ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെയ്ക്കെതിരെ അശ്രദ്ധമായ അന്വേഷണത്തിന്റെ പേരിൽ നടപടിക്കു ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ജോലിക്കായി വ്യാജ ജാതിരേഖ ചമച്ചെന്ന ആരോപണവും അന്വേഷിക്കുമെന്നാണ് സൂചന.
ആര്യന്റെ അറസ്റ്റിനു പിന്നാലെ വിവാദങ്ങൾ ഉടലെടുത്തതോടെ, സമീർ വാങ്കഡെയെ ആര്യൻ ഖാൻ കേസ് ഉൾപ്പെടെ 6 ലഹരിക്കേസുകളുടെ അന്വേഷണച്ചുമതലയിൽ നിന്നു നീക്കിയിരുന്നു. വാങ്കഡെയ്‌ക്കെതിരെ വ്യാജ ജാതിരേഖ ചമച്ചെന്ന ആരോപണം ആദ്യം ഉന്നയിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ കുറ്റാരോപിതനായ ലഹരിക്കേസും ഇതിൽ ഉൾപ്പെട്ടിരുന്നു. ശേഷിക്കുന്നവയെല്ലാം ബോളിവുഡ് ബന്ധമുള്ള കേസുകളായിരുന്നു.
പിതാവും നടനുമായ ഷാറുഖ് ഖാനോട് ആര്യനെ കേസിൽ നിന്നൊഴിവാക്കാൻ കോടികൾ ചോദിച്ചെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾക്കു പിന്നാലെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച എൻസിബി, വാങ്കഡെയെ ഡൽഹിയിലേക്കു വിളിപ്പിച്ചിരുന്നു. തുടർന്ന്, ഉന്നതഉദ്യോഗസ്ഥർ മുംബൈയിലെത്തി വിശദാംശങ്ങൾ തേടി. ഒരേയാളെ പല കേസുകളിൽ സാക്ഷിയാക്കി, ലഹരി റെയ്ഡുകളിൽ തട്ടിപ്പുകാരെ ഒപ്പം കൂട്ടി, എന്തിനെന്നു പറയാതെ വെള്ളക്കടലാസിൽ ഒപ്പിടുവിച്ചശേഷം ലഹരിക്കേസ് സാക്ഷിയാക്കി തുടങ്ങി വിവിധ ആരോപണങ്ങളാണ് വാങ്കഡെയ്ക്കെതിരെ ഉയർന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 2ന് ആഡംബരക്കപ്പലിലെ റെയ്ഡിലാണ് ആര്യനെയുൾപ്പെടെ എൻസിബി അറസ്റ്റ് ചെയ്തത്. സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് ഉപയോഗം, ഗൂഢാലോചന, രാജ്യാന്തര ഇടപാടുകൾ എന്നീ കുറ്റങ്ങൾ ആരോപിച്ച് ആര്യനെ അറസ്റ്റ് ചെയ്തത്. 26 ദിവസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ ആര്യന് ഒക്ടോബർ 28ന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പിന്നാലെ ഒക്ടോബർ 30ന് ആര്യൻ ഖാൻ മോചിതനായി.