ന്യൂഡൽഹി: 2020–21 സാമ്പത്തിക വർഷത്തെ രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ വരവു ചെലവു കണക്കുകളുടെ പട്ടികയിൽ മുന്നിൽ ഡിഎംകെ. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിപ്പബ്ലിക് (എഡിആർ) വെള്ളിയാഴ്ച പുറത്തുവിട്ട പട്ടികയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നേതൃത്വം നൽകുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) മുന്നിലെത്തിയത്. 150 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഡിഎംകെയുടെ വരവെങ്കിൽ 218 കോടി രൂപയാണ് ചെലവ്.
2020–21 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ പാർട്ടിയും ഡിഎംകെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020തിനേക്കാൾ 85 കോടി രൂപയാണ് ഡിഎംകെയുടെ അധിക വരുമാനം. ഡിഎംകെയ്ക്ക് തൊട്ടുപിന്നിലായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസുമുണ്ട്. 2021 സാമ്പത്തിക വർഷത്തിലെ 31 പ്രാദേശിക പാർട്ടികളുടെ ആകെ വരുമാനം 529 കോടി രൂപയാണ്. ഇതിൽ ആകെ വരുമാനത്തിന്റെ 28 ശതമാനവും ഡിഎംകെയുടേതാണ്. തൊട്ടു പിന്നിലുള്ള വൈഎസ്ആർ കോൺഗ്രസിന്റേത് ആകെ വരുമാനത്തിലെ 20 ശതമാനവും (108 കോടി രൂപ) ഒഡിഷ ആസ്ഥാനമായുള്ള ബിജു ജനതാദളി (ബിജെഡി)ന്റേത് 13 ശതമാനവുമാണ് (73 കോടി രൂപ).
ഇലക്ട്രൽ ബോണ്ട് വിറ്റഴിക്കൽ വഴി 250.60 കോടി രൂപ അഞ്ചു പ്രാദേശിക പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും എഡിആർ വ്യക്തമാക്കുന്നു. ആകെ കയ്യിലുള്ള തുകയിൽ 99 ശതമാനവും ചിലവഴിക്കാത്ത പാർട്ടിയെന്ന ഖ്യാതി വൈഎസ്ആർ കോൺഗ്രസിന് സ്വന്തമാണ്. ഇതിനു പിന്നിലുള്ള ബിജെഡി 88 ശതമാനം പണവും ചെലവഴിക്കാത്തപ്പോൾ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം 88 ശതമാനവും ചെലവഴിച്ചിട്ടില്ല. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി) 51 കോടി രൂപ ചെലവഴിച്ചെന്നു പറയുമ്പോൾ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതി(ടിആർഎസ്) 22 കോടി രൂപ ചെലവഴിച്ചതായി വ്യക്തമാക്കുന്നു.