മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പ്രതിയാക്കാന്‍ മനഃപൂർവമായ ശ്രമം നടന്നതായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. കൃത്യമായ നടപടിക്രമങ്ങളില്ലാതെയാണ് ആര്യന്റെ ഖാന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്നും വാട്‌സാപ് ചാറ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തിയെന്നും എസ്‌ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു.
‘ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെ എങ്ങനെയെങ്കിലും പ്രതിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതായി സംശയമുണ്ട്. ലഹരിമരുന്നു കണ്ടെടുക്കാത്തവരോടും വ്യക്തമായ തെളിവുകളില്ലാത്തവരോടും പൊതുവേ കോടതികൾ സൗമ്യമായാണ് പെരുമാറുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യങ്ങളെ കോടതികൾ ചിലപ്പോൾ വിലമതിക്കുന്നു എന്ന് പറയേണ്ടിവരും. സുപ്രീം കോടതി വാട്സാപ് ചാറ്റുകളുടെ തെളിവ് മൂല്യത്തെ ചോദ്യം ചെയ്തിട്ടുണ്ട്. വാട്സാപ് സന്ദേശങ്ങളെ അമിതമായി ആശ്രയിക്കുന്നത് വിചാരണ വേളയിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.’– റിപ്പോർട്ടിൽ പറയുന്നു.
‘എൻസിബി മുംബൈ യൂണിറ്റിന്റെ പ്രാഥമിക അന്വേഷണത്തിൽ ചില നടപടിക്രമങ്ങളിലെ അപാകതകൾ കണ്ടെത്തി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഏറ്റെടുക്കേണ്ടി വന്നു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ ഇങ്ങനെ സംഭവിക്കുന്നു–’ എൻസിബി ഡയറക്ടർ ജനറൽ എസ്.എൻ.പ്രധാൻ പറഞ്ഞു.കേസിൽ ആര്യനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അറസ്റ്റിലായ 20 പേരിൽ 6 പേർക്കെതിരെ തെളിവ് ഇല്ലെന്നും അതിനാലാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്താത്തതെന്നും അന്വേഷണസംഘം പ്രത്യേക കോടതിയിൽ സമ്മതിച്ചു.