തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് നിന്ന് ആദ്യമായി കൂറ്റൻ ക്രെയിൻ മാലി ദ്വീപിലേക്ക് കപ്പൽ കയറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗുജറാത്തിൽ നിന്നുള്ള ക്രെയിനും അനുബന്ധ ഉപകരണങ്ങളും ഇന്നലെ വിഴിഞ്ഞത്തെത്തിച്ചു. മാലിയിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണത്തിനാണ് ക്രെയിൻ കൊണ്ടുപോകുന്നത്. ഗുജറാത്തിൽ നിന്നും ടഗ്ഗിൽ കയറ്റിയ ക്രയിൻ മറ്റൊരു ബാർജിൻെറ സഹായത്തോടെയാണ് ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്തെത്തിച്ചത്.
കസ്റ്റംസ് പരിശോധനകൾ ഉൾപ്പെടെയുള്ളകാര്യങ്ങൾ പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച ക്രെയിനുമായി കൊളംമ്പോയിലേക്കു പുറപ്പെടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഷിപ്പിംഗ് ഏജൻസിയായ സത്യം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് കമ്പനി അധികൃതർ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ക്രെയിൻ കൊണ്ടു പോകുന്നത് ആദ്യമായാണ്. ഇത് കൊണ്ടുപോകാനുള്ള വിദേശ ടഗ്ഗായ കിക്കി മാലിയിൽ നിന്നു രണ്ടു ദിവസം മുൻപ് വിഴിഞ്ഞത്ത് എത്തിച്ചിരുന്നു.