കൊച്ചി : ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയില്‍ അടിയൊഴുക്കുണ്ടാകുമെന്ന അവകാശവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഇവിടെ കോണ്‍ഗ്രസ് വോട്ടുകളെല്ലാം കോണ്‍ഗ്രസിനു കിട്ടില്ല. പി.സി.ജോര്‍ജ് ആര്‍എസ്എസിന്റെ നാവാണെന്നു പറഞ്ഞ കോടിയേരി, ജനം ജോര്‍ജിന്റെ ശബ്ദം തളളുമെന്നും അഭിപ്രായപ്പെട്ടു. ബിജെപി വോട്ട് കോണ്‍ഗ്രസിനു കിട്ടാനുളള അണിയറ നീക്കം നടന്നിട്ടുണ്ട്. തൃക്കാക്കരയിൽ എല്‍ഡിഎഫിനു വലിയ ആത്മവിശ്വാസമുണ്ടെന്നും കോടിയേരി പറഞ്ഞു.
‘‘എൽഡിഎഫ് നല്ല നിലയിലുള്ള പ്രവർത്തനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. വൻ ഭൂരിപക്ഷത്തോടെ തന്നെ ജയിക്കും. വിദ്വേഷ പ്രസംഗവും മറ്റും ജനങ്ങളെ സ്വാധീനിക്കില്ല. വികസനത്തിനു വോട്ട് എന്നതിലാണു ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. സമാധാനം, വികസനം, മതനിരപേക്ഷത എന്നിവയാണ് ജനങ്ങൾ പ്രധാനമായും ചർച്ച ചെയ്തിട്ടുള്ളത്. എൽഡിഎഫ് നൂറ് അടിക്കുമെന്നത് ഉറപ്പാണ്.’’ – കോടിയേരി പറഞ്ഞു.
‘‘അശ്ലീല വ്യാജ വിഡിയോ പ്രചരിച്ച സംഭവത്തിൽ സ്ത്രീകൾ തന്നെ പ്രതികരിക്കുന്നുണ്ട്. കോൺഗ്രസിനകത്തെ സ്ത്രീകളും അതിലുണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസ് വോട്ട് കോൺഗ്രസിനുതന്നെ കിട്ടണമെന്നില്ല. പല നിലയിലുള്ള അടിയൊഴുക്കുകൾ എൽഡിഎഫിന് അനുകൂലമാകും. ആരും ശ്രദ്ധിക്കാതെ പോയപ്പോൾ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പി.സി.ജോർജിന്റെ വിദ്വേഷ പ്രസംഗം. ബിജെപിക്കു പറയാൻ പറ്റാത്ത കാര്യങ്ങൾ ഇദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണ്.’’ –കോടിയേരി പറഞ്ഞു.