ന്യൂഡൽഹി : രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന റിസവർ ബാങ്ക് (ആർബിഐ) റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും (ടിഎംസി) രംഗത്ത്. 2016ല്‍ കേന്ദ്രസർക്കാര്‍ നടത്തിയ നോട്ട് നിരോധനം ഉയർത്തിക്കാട്ടിയാണ് വിമർശനം.‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തതു മാത്രമാണ് നോട്ട് നിരോധനത്തിന്റെ നിർഭാഗ്യകരമായ വിജയ’മെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘എല്ലാ കള്ളപ്പണവും തുടച്ചുനീക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തു. എന്നാൽ, ഏറ്റവും പുതിയ ആർബിഐ റിപ്പോർട്ട് പ്രകാരം കള്ളനോട്ടുകളിൽ വൻ വർധനവാണുള്ളത്’– ടിഎംസി നേതാവ് ഡെറക് ഒബ്രിയൻ ട്വീറ്റ് ചെയ്തു.
2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകൾ വർധിച്ചുവെന്നാണ് ആർബിഐ റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെ കള്ളനോട്ടുകളിൽ 101.9 ശതമാനവും 2000 രൂപയുടെ കള്ളനോട്ടുകളിൽ 54.16 ശതമാനവും വർധനവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
കള്ളപ്പണം തുടച്ചുനീക്കുന്നതിന് പുറമേ, 2016ൽ കേന്ദ്രസർക്കാർ നടത്തിയ നോട്ട് നിരോധനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് കള്ളനോട്ട് നിർമാർജനമായിരുന്നു.