അമൃത്സര്‍ : പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. മൂസൈവാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു. കുടുംബം ആവശ്യപ്പെടുന്ന എൻഐഎ, സിബിഐ അന്വേഷിക്കണം ആവശ്യമെങ്കിൽ അതിനും തയ്യാറാണെന്നാണ് ആംആദ്മി സര്‍ക്കാര്‍ അറിയിക്കുന്നത്.
പൊലീസിന്റെ പ്രത്യേകസംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ആറ് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർക്ക് മൂസൈവാലയുടെ കൊലപാതകവുമായി ഏത് രീതിയിലുള്ള ബന്ധമാണുള്ളതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇവരുടെ ചോദ്യംചെയ്യൽ തുടരുകയാണ്.
കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ മാനസയില്‍ വെച്ച് അഞ്ജാതരുടെ വെടിയേറ്റാണ് സിദ്ദു മൂസൈവാലയുടെ മരണം. 30 റൗണ്ടാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിൽ സിദ്ദുവിൻ്റെ സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. മൂസേവാലയ്ക്കുള്ള സുരക്ഷ ആപ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.