തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. മലയോരമേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടും. കാലാവസ്ഥാ വിഭാഗത്തിന്റെ മഴ മുന്നറിയിപ്പുകളിൽ മാറ്റമുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളെ ഒഴിവാക്കി. കാലവർഷം കേരളത്തിൽ തുടങ്ങിയെങ്കിലും അടുത്ത പത്ത് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നിലവിൽ പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും ശക്തിയും മഴമേഘങ്ങളെ തുടർച്ചയായി കരയിലെത്തിക്കാൻ പര്യാപ്തമല്ലാത്തതാണ് മഴ കുറയാൻ കാരണം. ജൂൺ രണ്ടാം വാരത്തോടെ കാലവർഷം മെച്ചപ്പെട്ടേക്കും. അതേസമയം വടക്കൻ കേരളത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതചുഴിയും അണുബന്ധ ന്യൂനമർദ പാത്തിയും മഴയെ സ്വാധീനിച്ചേക്കും.