കാസർകോട് : റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവില്‍ക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നു കാസര്‍കോട് സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 170 ക്വിന്റല്‍ റേഷന്‍ സാധനങ്ങള്‍ ചന്തയില്‍നിന്നു പിടിച്ചെടുത്തു. 230 ചാക്ക് പുഴുക്കലരി, 65 ചാക്ക് പച്ചരി, 10 ചാക്ക് ചുവന്ന അരി, അഞ്ച് ചാക്ക് ഗോതമ്പ്, മൂന്ന് ചാക്ക് കടല എന്നിവ പിടിച്ചെടുത്തു. ഓരോ ചാക്കും 50 കിലോ വീതമുള്ളതാണ്.
കാസർകോട് നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മാർക്കറ്റിലാണ് റേഷൻ തിരിമറി അരങ്ങേറിയത്. പിടിച്ചെടുത്ത ധാന്യങ്ങൾക്ക് ഉടമസ്ഥരാരും അവകാശവാദമുന്നയിച്ച് രംഗത്തെത്തിയില്ലെന്ന് ജില്ലാ സപ്ലൈ ഓഫിസർ പറഞ്ഞു.