മഞ്ഞുകാലം എത്തുമ്പോള്‍ സഞ്ചാരികളുടെ മനസ്സിലേക്കു കടന്നുവരുന്ന പേരാണ് ഊട്ടി. ഈ സമയത്ത് ഹില്‍സ്റ്റേഷനുകളുടെ രാജ്ഞിയായ ഊട്ടിയെ കാണാന്‍ തമിഴ്നാട്ടിലേക്ക് വണ്ടി കയറിയില്ലെങ്കില്‍ ശൈത്യകാല യാത്രയ്ക്ക് എന്തർഥം ? നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വരകളും നദികളും വെള്ളച്ചാട്ടങ്ങളും പച്ചക്കറികള്‍ വിളഞ്ഞുകിടക്കുന്ന പാടങ്ങളുമെല്ലാമായി കാഴ്ചയുടെ നിറവസന്തമൊരുക്കുന്ന ഊട്ടി എന്ന സുന്ദരിക്കു പറയാന്‍ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്ര കഥകളുമുണ്ട്. ലോക പൈതൃക സ്മാരകത്തിലൊന്നായ മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടിയും ദൊഡ്ഡബെട്ടയും ഊട്ടി തടാകവും ബൊട്ടാണിക്കൽ, റോസ് ഗാർഡനുകളും കാമരാജ് സാഗര്‍ അണക്കെട്ടുമെല്ലാം മലയാളിക്ക് ഏതു ഉറക്കത്തില്‍ കേട്ടാലും മനസ്സിലേക്ക് മനോഹരചിത്രങ്ങളായി ഓടിയെത്തും. എത്രതവണ പോയിക്കണ്ടാലും പിന്നെയും മതിവരാത്ത മാസ്മരികതയാണ് ഊട്ടിയുടെ മുഖമുദ്ര. ഇത്രയും കാഴ്ചകള്‍ കാണാനും മഞ്ഞിന്‍റെ അനുഭൂതി ആസ്വദിക്കാനുമെല്ലാം അധികം ചെലവില്ല എന്നതാണ് ഊട്ടിയെ ആകര്‍ഷകമാക്കുന്ന മറ്റൊരു കാര്യം. പോക്കറ്റ് കീറാതെ തന്നെ ഊട്ടി യാത്ര തരപ്പെടുത്താം
കുറേ ആളുകള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് സ്വന്തം കാറിലോ ബൈക്കിലോ പോകാം. എന്നാല്‍ എല്ലാവര്‍ക്കും അതിനുള്ള സാമ്പത്തികം ഉണ്ടാവണം എന്നില്ല. അങ്ങനെയുള്ളവര്‍ക്ക് ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍ ബസാണ്. കെഎസ്ആർടിസി ഊട്ടിയിലേക്ക് കേരളത്തിലെ മിക്കവാറും ജില്ലകളില്‍ നിന്നും സർവീസുകൾ നടത്തുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നാണ് കൂടുതലും ബസ് സര്‍വീസുകള്‍ ഉള്ളത്. കണ്ണൂരിൽ നിന്നു പുറപ്പെടുന്ന കണ്ണൂർ – ഊട്ടി സൂപ്പർഫാസ്റ്റ് ബസില്‍ ഊട്ടിയിലേക്ക് പോകാം. കണ്ണൂരിൽനിന്നു തലശ്ശേരി, കൂത്തുപറമ്പ്, പെരിയ, മാനന്തവാടി, ബത്തേരി, പാട്ടവയൽ, ഗൂഡല്ലൂർ വഴിയാണ് ഈ ബസ് പോകുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ഭാഗങ്ങളിലുള്ളവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. വയനാട്, കോഴിക്കോട് ഭാഗങ്ങളിലുള്ളവർക്ക് ഊട്ടിയിലേക്ക് പോകാന്‍ സുൽത്താൻ ബത്തേരി – ഊട്ടി – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസുണ്ട്. സുൽത്താൻ ബത്തേരിയിൽനിന്നു പാട്ടവയൽ, ഗൂഡല്ലൂർ വഴിയാണ് ഈ സർവീസ്. ഊട്ടി – കോയമ്പത്തൂർ റൂട്ടിൽ ഊട്ടി മുതൽ മേട്ടുപ്പാളയം വരെയുള്ള റൂട്ടിലുള്ള ഒരേയൊരു ബസ് എന്ന പ്രത്യേകതയുമുണ്ട് ഇതിന്. സുൽത്താൻ ബത്തേരിയിൽനിന്നു ചേരമ്പാടി, ദേവാല, ഗൂഡല്ലൂർ, വഴി ഊട്ടിയിൽ എത്തുന്ന ഒരു സൂപ്പർഫാസ്റ്റ് ബസ് രാത്രികളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ ബസിന് ഓൺലൈൻ റിസർവേഷൻ സൗകര്യവും ലഭ്യമാണ്.
വയനാട്ടിലെതന്നെ മാനന്തവാടിയില്‍നിന്നു മാനന്തവാടി – ഊട്ടി – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസ് സര്‍വീസുണ്ട്. രാവിലെ മാനന്തവാടിയിൽനിന്നു പുറപ്പെടുന്ന ബസ് പനമരം, കൽപ്പറ്റ, മേപ്പാടി, ചേരമ്പാടി, ഗൂഡല്ലൂർ വഴി ഊട്ടിയിൽ എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. മലപ്പുറം ജില്ലയിലുള്ളവർക്ക് മലപ്പുറം – ഊട്ടി സൂപ്പർഫാസ്റ്റ് ബസില്‍ കയറി ഊട്ടി യാത്ര ചെയ്യാം. മലപ്പുറത്തുനിന്നു ഗൂഡല്ലൂർ വഴിയാണ് ഈ ബസ് ഊട്ടിയിലേക്ക് പോകുന്നത്. പാലക്കാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് പാലക്കാട് – ഊട്ടി സൂപ്പർഫാസ്റ്റ് ബസ് സര്‍വീസ് നടത്തുന്നുണ്ട്. പാലക്കാട്നിന്നു രാവിലെ പുറപ്പെടുന്ന ഈ ബസ് കോയമ്പത്തൂർ, മേട്ടുപ്പാളയം വഴി ഊട്ടിയിൽ രാവിലെ എത്തിച്ചേരും. അവിടെനിന്ന് ഉച്ചയ്ക്ക് തിരിച്ച് യാത്രയാരംഭിക്കുന്ന ബസ് വൈകിട്ട് പാലക്കാട്ട് എത്തിച്ചേരും.തിരുവനന്തപുരത്തു നിന്നുള്ളവര്‍ക്ക് ഊട്ടിയിലേക്ക് തമിഴ്‌നാട് സർക്കാര്‍ ഒരു ഡീലക്സ് ബസ് സർവീസുണ്ട്. നാഗർകോവിൽ, തിരുനെൽവേലി, പഴനി, കോയമ്പത്തൂർ വഴിയാണ് സർവീസ്. TNSTCയുടെ സൈറ്റിൽ കയറിയാല്‍ സീറ്റ് ബുക്ക് ചെയ്യാം. കൂടാതെ മിക്ക ജില്ലകളിൽനിന്നും തമിഴ്‌നാട് സർക്കാർ ബസുകളുമുണ്ട്. അതാതു ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളില്‍ വിളിച്ച് അന്വേഷിച്ചാല്‍ ഇക്കാര്യം അറിയാനാവും. കെഎസ്ആർടിസി ബസ് ബുക്കിങ്ങിനും സമയവിവരങ്ങള്‍ക്കുമായി https://www.aanavandi.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.ഇത്രയും ദൂരം ബസില്‍ യാത്ര ചെയ്യാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ട്രെയിനിലും പോകാവുന്നതാണ്. കോയമ്പത്തൂരിലേക്ക് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളില്‍നിന്നും ട്രെയിനുകള്‍ ലഭ്യമാണ്. കോയമ്പത്തൂരിൽ എത്തിയ ശേഷം ബസിലോ ടാക്സിയിലോ ഊട്ടിയിലേക്ക് പോകാം.