മുംബൈ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന്റെ ആശങ്കയിൽ മുംബൈ നഗരം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ആറു ശതമാനമായി കുതിച്ച പശ്ചാത്തലത്തിൽ മുംബൈയിൽ കോവിഡ് പരിശോധനങ്ങൾ വീണ്ടും വർധിപ്പിക്കും. പരിശോധന കേന്ദ്രങ്ങൾ പൂർണസജ്ജമാക്കണമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർദേശിച്ചു.
12–18 വയസ്സുകാർക്കുള്ള വാക്സിനേഷൻ, രണ്ടു ഡോസ് എടുത്തവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം തുടങ്ങിയവ ഊർജിതപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ മുംബൈയിൽ മാത്രം 506 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി ആറിന് 536 കേസുകൾ റെക്കോർഡ് ചെയ്യപ്പെട്ടതിനുശേഷം ആദ്യമായാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.