മലപ്പുറം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പൊന്നാനിയില്‍ അറസ്റ്റില്‍. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കല്‍ വീട്ടില്‍ ഷമീമി (27)നെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ലഹരി മാഫിയയുടെ തലവനും കൂടിയാണെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ക്കെതിരെ നടപടി ശക്തമാക്കിയതോടെയാണ് ഷമീം അറസ്റ്റിലായത്. പൊന്നാനിയിലെ ഗുണ്ടാ ലിസ്റ്റില്‍ പ്രധാനിയായ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കര്‍മ്മ റോഡ്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ തമ്പടിച്ച് ദമ്പതിമാരെയും കമിതാക്കളെയും അക്രമിച്ച് പിടിച്ചുപറിയ്ക്കലാണ് ഇയാളുടെ ഹോബി. കൂടാതെ ചെറുപ്പക്കാര്‍ക്ക് ന്യൂ ജെന്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നതും ഇയാളാണന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും തലവേദനയായ ഇയാളെ വളരെ സാഹസികമായാണ് പൊന്നാനിയില്‍ നിന്ന് പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ പൊലീസുകാരായ മഹേഷ്, നിഖില്‍, എസ് ഐ കൃഷ്ണലാല്‍ എന്നിവരുടെ ശ്രമഫലമായാണ് ഷമീമിനെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.