കല്‍പ്പറ്റ : ആദ്യകാലത്ത് വയനാട്ടില്‍ പലരും വെണ്ണപ്പഴക്കൃഷിയിലേക്ക് (ബട്ടർ ഫ്രൂട്ട് / അവക്കാഡോ ) തിരിഞ്ഞത് മടിയോടെയാണ്. മുന്‍ കാലങ്ങളില്‍ വാനിലയുടെ അനുഭവം മുന്നിലുള്ളതിനാല്‍ തോട്ടങ്ങളിലെ മറ്റ് വിളകള്‍ ഒഴിവാക്കി, വെണ്ണപ്പഴം കൃഷി ചെയ്താല്‍ ആപ്പിലാകുമോ എന്നതായിരുന്നു പലരുടെയും ആധി. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വിപണിയില്‍ നിന്ന് ഇപ്പോള്‍ അനുകൂല വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മേല്‍ത്തരം വെണ്ണപ്പഴം കായ്കള്‍ക്ക് കിലോ 200 രൂപവരെയാണ് ഇപ്പോള്‍ വില ലഭിക്കുന്നത്. കോവിഡ് കാലത്ത് നിലച്ചുപോയ കയറ്റുമതി പുനരാരംഭിച്ചതോടെയാണ് പഴത്തിന് വില ഉയരാന്‍ തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉൽപാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. ഉരുണ്ട ആകൃതിയും തിളക്കമുള്ള തൊലിയും ഇടത്തരം വലിപ്പവുമുള്ളവയാണ് ഒന്നാംതരം വെണ്ണപ്പഴം. ഇത്തരം കായ്കള്‍ക്കാണ് കിലോക്ക് 200 രൂപ വില ലഭിക്കുന്നത്. ഇടത്തരം കായ്കള്‍ക്ക് വില 100 മുതല്‍ 180 വരെയാണ്. തീരെ വലുപ്പമില്ലാത്തവക്ക് കുറഞ്ഞത് 50 രൂപയെങ്കിലും കര്‍ഷകന് ലഭിക്കുന്നു.
വിളവെടുപ്പ് തുടങ്ങി മൂന്നുമാസം പിന്നിടുമ്പോള്‍ വെണ്ണപ്പഴ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരിക്കുകയാണ് വിലക്കയറ്റം. ഏറെ വെണ്ണപ്പഴ കര്‍ഷകരുള്ള അമ്പലവയലില്‍ നിന്ന് ദിവസവും ടണ്‍ കണക്കിന് വെണ്ണപ്പഴമാണ് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ ഇതരസംസ്ഥാനത്തെ മെട്രോ നഗരങ്ങളിലേക്കും വെണ്ണപ്പഴം ധാരാളമായി കയറ്റുമതി ചെയ്യുന്നു.
കേരളത്തില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ സംസ്ഥാനത്തിനകത്തെ നഗരങ്ങളിലും വെണ്ണപ്പഴത്തിന് ആവശ്യക്കാരേറെയുള്ളതായി കച്ചവടക്കാര്‍ പറയുന്നു. വിളവെടുപ്പ് തുടങ്ങിയതില്‍പ്പിന്നെ കാര്യമായ വില വ്യത്യാസം ഉണ്ടായിട്ടില്ലെന്നതും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നു. രണ്ടാംഘട്ട വിളവെടുപ്പ് തുടങ്ങിയ സാഹചര്യത്തില്‍ സീസണ്‍ മുഴുവന്‍ ഈ നില തുടരുമെന്നാണ് സൂചന. അതേ സമയം ശക്തമായ വേനല്‍മഴ ലഭിച്ച ചിലയിടങ്ങളില്‍ വെണ്ണപ്പഴ കൃഷി പിന്നോട്ടായി.
മഴയും വെയിലും മാറിമാറി വന്നതോടെ മൂപ്പെത്തുംമുമ്പ് കായ്കള്‍ കൊഴിഞ്ഞു തുടങ്ങിയതാണ് ഏക പ്രതിസന്ധി. ഫെബ്രുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന വിളവെടുപ്പ് വൈകിയാണ് ആരംഭിച്ചത്. ഉത്പാദനം കുറവായത് കൊണ്ട് ആദ്യഘട്ട വിളവെടുപ്പ് പെട്ടെന്നവസാനിച്ചു. ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്ന രണ്ടാംഘട്ട വിളവെടുപ്പിലാണ് ഇനിയുള്ള പ്രതീക്ഷ. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയിലും വെണ്ണപ്പഴത്തിന് ആവശ്യക്കാരേറി വരുന്നുണ്ട്. കൂള്‍ബാറുകള്‍ സജീവമായതോടെ ജ്യൂസിന്‍റെ ആവശ്യത്തിലേക്കാണ് പഴം ധാരാളമായി കയറ്റുമതി ചെയ്യുന്നത്.