തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എൽഡിഎഫെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തോൽവിക്കു പിന്നാലെ സമൂഹമാധ്യമ കുറിപ്പിലാണു പരാമർശം.
‘തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനവിധി അംഗീകരിക്കുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ എൽഡിഎഫിന് വോട്ട് വർധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങൾ എല്ലാം വിശദമായി എൽഡിഎഫ് നേതൃത്വം പരിശോധിക്കും. തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എൽഡിഎഫ്’– റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പി.ടി.തോമസിന്റെ മരണത്തെത്തുടർന്നു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ, കന്നി മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തിയാണു യുഡിഎഫിനായി ഉമ തോമസ് വെന്നിക്കൊടി പാറിച്ചത്. തൃക്കാക്കരയെ ഇടത്തേക്കു ചായ്ക്കാമെന്ന പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയ എൽഡിഎഫിന്റെ കണക്കുകൂട്ടലുകളെയും തന്ത്രങ്ങളെയും മറികടന്നായിരുന്നു കൂറ്റൻ വിജയം.