കണ്ണൂർ : സമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം വളർത്തുന്നവരെ നിരീക്ഷിക്കാനും കേസെടുക്കാനും ജില്ലയിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 40 അംഗ പ്രത്യേക സേന പ്രവർത്തനം തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 5 പേർക്കെതിരെ കേസെടുത്തു. ലാപ് ടോപ്, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നോഡൽ ഓഫിസർ ആയ സോഷ്യൽ മീഡിയ സെല്ലിൽ സൈബർ പൊലീസും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും രഹസ്യാന്വേണഷ വിഭാഗം ഇൻസ്പെക്ടർമാരും സിവിൽ പോലീസ് ഓഫിസർമാരും അടക്കം 40 പേരാണുള്ളത്.
മത സംഘടനകളിലെയും രാഷ്ട്രീയ പാർട്ടികളിലെയും സൈബർ പോരാളികളാണ് നിരീക്ഷണത്തിലുള്ളത്. വർഗീയ വിദ്വേഷം അടങ്ങുന്ന പോസ്റ്റ് ഉണ്ടാക്കുന്നവർ, അതു ഷെയർ ചെയ്യുന്നവർ, ലൈക്കും കമന്റും ചെയ്തവർ എന്നിവരെയാണു നിരീക്ഷിക്കുന്നത്. മതവിദ്വേഷവം വളർത്തുന്നതാണ് പോസ്റ്റെന്നു കണ്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. രാജ്യദ്രോഹം, വെല്ലുവിളി, വാഗ്വാദം, കലാപ ആഹ്വാനം, അശ്ലീല പരാമർശങ്ങൾ തുടങ്ങിയവയൊക്ക കേസിന്റെ പരിഗണനയിൽ വരും. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം.മുഹമ്മദ് റീഫയ്ക്ക് എതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ ആലപ്പുഴ പ്രസംഗം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത് വിദ്വേഷ പ്രചാരണത്തിനു ശ്രമിച്ചു എന്നതിന്റെ പേരിലാണ് കേസെന്ന് പോലീസ് അറിയിച്ചു.




















