തിരുവനന്തപുരം : സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിയെ നിയമപരമായി നേരിടുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിന്റെ നിലപാടിന് ഏറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് സർക്കാർ നിലപാട്. അതിൽ മാറ്റമില്ല. മുൻകാല അനുഭവങ്ങൾ നോക്കുമ്പോൾ കേന്ദ്ര സർക്കാർ കേരളത്തിന് അനുകൂല നിലപാട് എടുക്കുമോയെന്നതിൽ ആശങ്കയുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. വിഷയത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും കണ്ണൂരിൽ ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വിശദീകരിച്ചു.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതിയിൽ നിന്നുള്ള നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിർമ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വനസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ മുന്നിലുള്ള ടി.എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാടിന്റെ ഹര്‍ജിയിലാണ് നിര്‍ദേശം.എന്നാൽ സുപ്രീം കോടതിയിൽ നിന്നുള്ള ഉത്തരവ് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കേരളത്തിനുള്ളത്.