കൊച്ചി : 2022 നെ വരവേൽക്കാൻ വലിയ പരിപാടികളുമായി കൊച്ചി മെട്രോ. 30, 31 തിയതികളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് നടക്കുക. സംഗീത, നൃത്ത നാടൻപാട്ട് മത്സരങ്ങൾക്ക് പുറമെ പ്രച്ഛന്ന വേഷ മത്സരവും നടക്കും. 30ന് ആലുവ സ്റ്റേഷനിൽ രാവിലെ 9ന് തുടക്കം കുറിക്കുന്ന പരിപാടികൾ വൈകിട്ട് 7 മണി വരെ നീളും. ഇവിടെ മാർഗം കളി, കരോക്കെ മ്യൂസിക്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ പരിപാടികൾ ഉണ്ടാകും. കമ്പനിപ്പടി സ്റ്റേഷനിൽ രാവിലെ 10 മണി മുതൽ 12 മണി വരെയും മുട്ടം സ്റ്റേഷനിൽ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും വിവിധ പരിപാടികൾ നടക്കും. ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും പാലാരിവട്ടം സ്റ്റേഷനിൽ വൈകിട്ട് 3 മുതൽ 6 വരെയും പരിപാടികൾ നടക്കും.
കലൂർ, എംജി റോഡ് സ്റ്റേഷനുകളിലും തൈക്കൂടം സ്റ്റേഷനിലും വൈകിട്ട് 5.30 മുതൽ 7.30 വരെയാകും പരിപാടികൾ. 31ന് കളമശേരി സ്റ്റേഷനിൽ വൈകിട്ട് 5.30 മുതൽ 7.30 വരെ വിവിധ പരിപാടികൾ നടക്കും. പുളിഞ്ചോട് സ്റ്റേഷനിൽ രാവിലെ 10 മുതൽ 12 വരെയും അമ്പാട്ടുകാവിൽ ഉച്ചയ്ക്ക് ഒന്നു മുതൽ 3 വരെയും ചങ്ങമ്പുഴ പാർക്കിൽ രാവിലെ 10 മുതൽ 12 വരെയും ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും. മഹാരാജാസ് കോളജ് സ്റ്റേഷനിൽ രാവിലെ 10 മുതൽ 12 വരെയും വൈറ്റിലയിൽ വൈകിട്ട് 5.30 മുതൽ 7.30 വരെയും നാടൻ പാട്ടും ഡാൻസും നടക്കും.