ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തങ്ങളുടെ ഉപഭോക്താക്കൾക്ക് എസ്ബിഐക്ക് ഒപ്പം സുരക്ഷിതരായിരിക്കൂ എന്ന ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക്. അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് ഇത് എസ്ബിഐ തന്നെ അയച്ചതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ഒരു വഴിയാണ് ഇപ്പോൾ ബാങ്ക് ഒരുക്കിയിരിക്കുന്നത്.
ട്വിറ്റർ അക്കൗണ്ട് വഴിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംവിധാനത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സന്ദേശം വന്നിരിക്കുന്നത് സ്റ്റേറ്റ് ബാങ്കിൽ നിന്ന് തന്നെയാണോ എന്ന് അറിയാൻ ഒരു കോഡ് തിരിച്ചറിഞ്ഞാൽ മതി. SBI അല്ലെങ്കിൽ SB എന്നാണോ സന്ദേശം വന്ന സെന്ററുടെ നാമം തുടങ്ങുന്നതെന്ന് പരിശോധിക്കുക. ഉദാഹരണത്തിന് SBIBNK, SBIINB, SBIPSG, SBYONO എന്നിവ.
ബാങ്ക് അക്കൗണ്ട് നമ്പർ, രഹസ്യനാമം, പിൻ നമ്പറുകൾ, എന്നിവയൊന്നും ആരോടും വെളിപ്പെടുത്തരുതെന്ന കർശന നിർദ്ദേശം ബാങ്ക് വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ആരെങ്കിലും ഫോണിൽ വിളിച്ച് ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് നൽകുന്നത് അക്കൗണ്ട് കാലിയാവാൻ മാത്രമേ ഉപകരിക്കൂവെന്ന് പ്രത്യേകം ഓർക്കുക. ഉപഭോക്താവിന്റെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് തങ്ങൾ ഒരിക്കലും ഇമെയിലോ, എസ്എംഎസോ അയക്കാറില്ലെന്നും ഉപഭോക്താക്കളെ ഫോണിൽ വിളിക്കാറില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നുണ്ട്.