തിരുവനന്തപുരം: സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂൾ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാൻ അനുമതി നൽകിയതായി തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 14ാം പഞ്ചവത്സര പദ്ധതിയുടെ സബ്‌സിഡി മാർഗനിർദേശങ്ങളിൽ ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷൽ ടീച്ചർക്ക് 32,560 രൂപ വരെ നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്.
പ്രത്യേക പരിശീലനം ലഭിക്കാത്ത അസിസ്റ്റൻറ് ടീച്ചർമാരുടെ ഓണറേറിയം 24,520 രൂപയായും വർധിപ്പിക്കാം. ആയമാരുടെ ഓണറേറിയം 18,390 രൂപയായിരിക്കും. പ്രഫഷനൽ ബിരുദമുള്ള ഫിസിയോ തെറപ്പിസ്റ്റ്, സ്പീച് തെറപ്പിസ്റ്റ് എന്നീ സ്‌പെഷലിസ്റ്റുകളുടെ സേവനം 1180 രൂപ പ്രതിദിന നിരക്കിൽ ബഡ്‌സ് സ്‌കൂളുകളിൽ ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.സ്‌പെഷൽ ടീച്ചറുടെ നിലവിലുള്ള ഓണറേറിയം 30,675 രൂപയും അസിസ്റ്റൻറ് ടീച്ചർമാരുടെ ഓണറേറിയം 23,100 രൂപയുമാണ്. ബഡ്‌സ് സ്‌കൂളുകൾക്കും റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾക്കും സ്ഥലം വാങ്ങാനും കെട്ടിടം നിർമിക്കാനും ഉൾപ്പെടെ പഞ്ചായത്തുകൾക്ക് പദ്ധതി തയാറാക്കാം.