കോട്ടയം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കോട്ടയം. ജൂൺ ആറിന് രാവിലെ 11.30 ന് കോട്ടയം ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പദ്ധതി ഉദ്ഘാടനം നിർവഹിക്കുന്നതോടെ മറ്റൊരു ചരിത്രത്തിനാണ് കോട്ടയം ഒരുങ്ങുന്നത്. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ്ങ് കമ്മിറ്റിയിൽ അംഗമായ കോട്ടയം എം.പി തോമസ് ചാഴികാടന്റെ ഇടപെടലാണ് ജില്ലയെ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് അരികിൽ എത്തിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി അലിം കോ നേതൃത്വത്തിലാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.
ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം അലിംകോയുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട സർവേയ്ക്ക് ഒടുവിലാണ് അർഹരായവരെ കണ്ടെത്തിയത്. സാമൂഹ്യ നീതി വകുപ്പ് , ബ്ളോക്ക് പഞ്ചായത്തുകൾ , അംഗൻവാടി പ്രവർത്തകർ , ആരോഗ്യ വകുപ്പ് , ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ ജില്ലയിൽ 12 ക്യാമ്പുകൾ സംഘടിപ്പിച്ചു. ഈ ക്യാമ്പുകൾ വഴി 1258 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇവർക്ക് 96 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ബി.സി.എം കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജോസ് കെ.മാണി എം.പി , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ പങ്കെടുക്കും. ജൂൺ ആറിന് പാമ്പാടി, പള്ളം , ഏറ്റുമാനൂർ ബ്ളോക്കിലേയും , കോട്ടയം ഏറ്റുമാനൂർ നഗരസഭയിലെയും ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. ഏഴിന് ളാലം, ഒൻപതിന് വൈക്കം , 10 ന് കടുത്തുരുത്തി , 13 ന് ഉഴവൂർ , 14 ന് മുളന്തുരുത്തി , 15 ന് പാമ്പാക്കുട എന്നിവിടങ്ങളിലും ഉപകരണങ്ങൾ വിതരണം ചെയ്യും.