കൊല്ലം : സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി കൊല്ലം സ്വദേശിനിയില്‍ നിന്ന 60 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാൾ പിടിയിൽ. മിസോറം സ്വദേശിയായ ലാല്‍റാം ചൗനയാണ് അറസ്റ്റിലായത്. കൊല്ലം സൈബര്‍ പോലീസ് ഇയാളെ പിടികൂടിയത് ഡൽഹിയിൽനിന്നാണ്. വിദേശികളായ ആളുകളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലാൽറാം ചൗന.
ഇയാളുടെ സഹായത്തിന് നൈജീരിയൻ സ്വദേശികളും. സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് കൊല്ലത്തെ വീട്ടമ്മയുമായിപ്രതി ചങ്ങാത്തത്തിലായത്. വിലപിടിപ്പുള്ള സമ്മാനം വീട്ടമ്മക്ക് അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച ലാൽറാം എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഡ്യൂട്ടി തുക എന്ന പേരിലാണ് പല തവണകളായി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. പണമടച്ചിട്ടും സമ്മാനമെത്താതായതോടെയാണ് കബളിപ്പിക്കപ്പെട്ടന്ന വിവരം വീട്ടമ്മ മനസിലാക്കിയത്. തുടര്‍ന്ന് പോലീസിൽ പരാതി നൽകി.
പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്നാണ് പലതവണ പണം വന്നതായി കണ്ടെത്തിയത്. ഈ തുക കൊല്ലം സ്വദേശിനിയില്‍നിന്ന് തട്ടിച്ചതാണെന്നു വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സംഘത്തിലുള്ള നൈജീരിയൻ സ്വദേശികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സൈബര്‍ പോലീസ് വ്യക്തമാക്കി.