തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാർ ഇന്ന് സ്കൂളുകൾ സന്ദർശിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തുക. രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കും.
ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്ന് മുതൽ സംയുക്ത പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന.
ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂർത്തിയാക്കും.സ്കൂളുകളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് തീരുമാനം.