കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. 30കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുൾപ്പെടെയുളള കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്നും ചുറ്റുമതിലിന്‍റെതുൾപ്പെടെ ഉയരം കൂട്ടണമെന്നും ആശുപത്രിയിൽ പരിശോധന നടത്തിയ പൊലീസ് സംഘം പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന.
കുതിരവട്ടത്ത് ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന നിരന്തര പരാതിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. കഴിഞ്ഞ ദിവസം പുറത്തുകടക്കാൻ ശ്രമിച്ച അന്തേവാസി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച് മെഡി. കോളേജ് എന്നീ അസി.കമ്മീഷണർമാരുടെ നേതൃത്വത്തലുളള സംഘം ആശുപത്രിയിൽ പരിശോധനക്കെത്തിയത്. കഴിഞ്ഞ ദിവസം ഭിത്തി തുരന്ന് റിമാൻഡ് പ്രതി പുറത്തുകടന്ന ഫോറൻസിക് വാർഡിലുൾപ്പെടെ സംഘം തെളിവെടുപ്പ് നടത്തി. സുരക്ഷാ ജീവനക്കാരുടെ പോരായ്മ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
24 സുരക്ഷാ ജീവനക്കാർ വേണ്ടയിടത്ത് നാല് പേരെ മാത്രമാണ് പുതുതായി കുതിരവട്ടത്ത് നിയമിച്ചിട്ടുളളത്. പാചകത്തൊഴിലാളികളുൾപ്പെടെയാണ് സുരക്ഷാജീവനക്കാരുടെ അധിക ചുമതല വഹിക്കുന്നത്. ഹൈക്കോടതി നിർദ്ദേശിച്ചിട്ട് പോലും താത്ക്കാലിക നിയമനം നടത്താത്ത സാഹചര്യത്തിൽ കൂടിയാണ് പുതിയൊരു അന്വേഷണ റിപ്പോർട്ട് കൂടി ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്.