തിരുവനന്തപുരം: നാടിനെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രി രാജിവെക്കണം. രാജ്യത്തെ ഒരു മുഖ്യമന്ത്രി സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുന്നത് ചരിത്രത്തിലാദ്യമാണ്. ആത്മാഭിമാനമുണ്ടെങ്കിൽ പിണറായി പൊതുരംഗത്ത് നിന്നും മാറി നിൽക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസിൽ ഇ.ഡിയുടെ അന്വേഷണം അട്ടിമറിക്കപ്പെട്ടു. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സി.ബി.ഐ അന്വേഷണം കേസിൽ നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെയാണ് കെ.സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. 2016ൽ മുഖ്യമന്ത്രി ദുബൈയിലേക്ക് പോയപ്പോൾ മറന്നുവെച്ച കറൻസിയടങ്ങുന്ന ബാഗ് എം. ശിവശങ്കറിന്റെ നിർദേശപ്രകാരം നയതന്ത്ര പ്രതിനിധിയുടെ കൈവശം അവിടെയെത്തിച്ചെന്നാണ് പ്രധാന വെളിപ്പെടുത്തൽ. എറണാകുളം ജില്ല കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.