കൊച്ചി: ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന ആലുവയിൽ വീട്ടുകാരെ ബന്ദിയാക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സ്വർണ്ണപ്പണിക്കാരന്‍റെ വീട്ടിൽ നിന്ന് അഞ്ചംഗ സംഘം 37.5 പവൻ സ്വർണവും 1,80,000 രൂപയും തട്ടിപ്പ് സംഘം തട്ടിയെടുത്തത്. കേസിൽ റെയിൽവേ ജീവനക്കാരനും ഗോവ സ്വദേശിയുമായ ഒരാൾ നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവ ബാങ്ക് കവലയ്ക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരനായ സഞ്ജയ് എന്നയാളുടെ വീട്ടിൽ വൻ കവർച്ച നടന്നത്. അഞ്ച് പേര്‍ അടങ്ങുന്ന സംഘത്തില്‍ മൂന്ന് പേർ മലയാളികളും രണ്ട് പേർ ഗോവ സ്വദേശികളുമാണ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും വീട് പരിശോധിക്കണമെന്നും പറഞ്ഞായിരുന്നു സംഘം വീടിന് അകത്ത് കയറിയത്. തുടർന്ന് മൊബൈൽ ഫോണിൽ നിന്ന് തിരിച്ചറിയൽ കാർഡ് കാണിച്ചു. ഉന്നത ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ് സംഘം ഇടപെട്ടിരുന്നത്. വീട് അരിച്ചുപെറുക്കിയ സംഘം 37.5 പവൻ സ്വർണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകൾ, ആധാൻ, പാൻ തുടങ്ങിയ രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തി. തുടർ പരിശോധനയ്ക്കായി ഇവയെല്ലാം ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി നൽകി, സഞ്ജയിനെ കൊണ്ട് ഒപ്പും വച്ചിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി.
നാലംഗ സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയായ ചുമട്ട് തൊഴിലാളിയാണ് ഫോണെടുത്തത്. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഉടൻ സഞ്ജയ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തട്ടിപ്പ് സംഘം മലയാളത്തിലാണ് സംസാരിച്ചത്. അനധികൃത വ്യാപാരം കണ്ടെത്താനുള്ള പരിശോധനയെന്നായിരുന്നു സംഘം വീട്ടുകാരെ വിശസ്വിപ്പിച്ചത്. സംഭവത്തിൽ സിസിടിവി പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കവർച്ചയ്ക്ക് ശേഷം മംഗലാപുരം വഴി പ്രതികൾ കടന്നുകളഞ്ഞു.
കേസിൽ റെയിൽവേ ജീവനക്കാരനും ഗോവ സ്വദേശിയുമായ മൗലാലി ഹബീബുൾ എന്നയാള്‍ ഇന്നലെ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണ് കൂട്ട്പ്രതികളുടെ വിവരം ലഭിച്ചത്. കണ്ണൂർ ശങ്കരനല്ലൂർ സ്വദേശികളായ പി കെ ഹാരിസ്, അബ്ദുൾ ഹമീദ്, ബി കെ അബൂട്ടി, ഗോവ ഗുരുദ്വാര സ്വദേശി ഡേവിഡ് ഡയസ് എന്നിവരാണിവർ. ഈ പ്രതികൾക്കായാണ് ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കിയത്. കേസിൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.