വയറുവേദന, പേശി വേദന, മനംമറിച്ചില്‍, തലവേദന, ക്ഷീണം എന്നിങ്ങനെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ആര്‍ത്തവത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇതിനെല്ലാം പുറമേ വരുന്ന മറ്റൊരു ദുരിതമാണ് യീസ്റ്റ് അണുബാധ. ശരീരത്തില്‍ കാണപ്പെടുന്ന കാന്‍ഡിഡ എന്ന് പേരുള്ള ഒരു തരം പൂപ്പലാണ് സ്ത്രീകളില്‍ യീസ്റ്റ് അണുബാധ ഉണ്ടാക്കുന്നത്. ഇത് എപ്പോള്‍ വേണമെങ്കിലും വരാമെങ്കിലും ആര്‍ത്തവത്തോട് അടുപ്പിച്ച് യീസ്റ്റ് അണുബാധയ്ക്ക് സാധ്യതകള്‍ കൂടുതലാണ്.
ആര്‍ത്തവ സമയത്ത് സ്ത്രീകളിലെ പല തരം ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് കാന്‍ഡിഡയുടെ അമിത വളര്‍ച്ചയിലേക്കും യീസ്റ്റ് അണുബാധയിലേക്കും നയിക്കുന്നത്. ആര്‍ത്തവത്തിന് മുന്‍പും പിന്‍പും സ്ത്രീകളില്‍ യീസ്റ്റ് അണുബാധയുണ്ടാകുന്നതും ഇതേ കാരണത്താലാണ്. ദിവസവും വ്യായാമം ചെയ്യുകയും വിയര്‍ക്കുകയും ചെയ്യുന്നവരിലും പ്രമേഹ രോഗികളിലും കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലും ആന്‍റിബയോട്ടിക്കുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, ജെനിറ്റല്‍ സ്പ്രേ എന്നിവ ഉപയോഗിക്കുന്നവരിലും യീസ്റ്റ് അണുബാധയ്ക്ക് സാധ്യതയേറെയാണ്. ഗര്‍ഭകാലത്തും ചിലര്‍ക്ക് യീസ്റ്റ് അണുബാധയുണ്ടാകാം.
ലക്ഷണങ്ങള്‍
യോനിയുടെ ഭാഗത്ത് ചൊറിച്ചിലും അണുബാധയും, മൂത്രമൊഴിക്കുമ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും പുകച്ചില്‍, യോനിയില്‍ നിന്ന് വെളുത്ത സ്രവം, വല്‍വയില്‍ ഉണ്ടാകുന്ന തടിപ്പ്, യോനിയിലോ യോനീനാളത്തിലോ ഉണ്ടാകുന്ന തിണര്‍പ്പ്, യോനിയില്‍ വേദനയും അസ്വസ്ഥതയും എന്നിവയെല്ലാം യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങളാണ്.
ആന്‍റിഫംഗല്‍ മരുന്നുകളും ക്രീമുകളും ഉപയോഗിച്ച് ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് യീസ്റ്റ് അണുബാധ. ആര്‍ത്തവസമയത്ത് പാഡുകളും ടാംപൂണുകളും ദിവസവും മാറ്റുന്നതും വ്യായാമത്തിന് ശേഷം വിയര്‍പ്പ് കൊണ്ട് നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റുന്നതും അയവുള്ള കാറ്റ് കയറിയിറങ്ങുന്ന അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. പ്രോബയോട്ടിക് യോഗര്‍ട്ട് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. മൂത്രമൊഴിച്ച ശേഷം യോനി വൃത്തിയാക്കുമ്പോൾ മുന്നില്‍ നിന്ന് പിന്നിലേക്ക് തുടയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്. വെള്ളമോ മറ്റ് വൃത്തിയാക്കുന്ന ദ്രാവകങ്ങളോ യോനിയിലേക്ക് ചീറ്റിക്കാതിരിക്കാനും പെര്‍ഫ്യൂംഡ് പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കേണ്ടതാണ്.