കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ മൂന്ന് തവണ ക്വട്ടേഷന്‍ നല്‍കിയതായി പോലീസ്. നേരത്തെ ജില്ലയ്ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെ കൃത്യം നടത്താന്‍ ഏല്‍പിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ റിനീഷിന്‍റെ മൂത്ത സഹോദരനെയും അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അതേ സമയം വിവാഹം നടത്താന്‍ ഒരു സഹായവും ചെയ്തിട്ടില്ലെന്നും വിവരമറിഞ്ഞതുപോലും സമൂഹ മാധ്യമങ്ങളിലൂടെയാണെന്നും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള റിനീഷ് പറഞ്ഞു.
അറസ്റ്റിലായ അനിരുദ്ദന്‍ ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിനാണ് ആദ്യം ക്വട്ടേഷന്‍ നല്‍കിയത്. 25000 രൂപ അഡ്വാന്‍സും കൈമാറി. എന്നാല്‍ മറ്റൊരു വലിയ ക്വട്ടേഷന്‍ ലഭിച്ചതിനെ തുടർന്ന് സംഘം മടങ്ങി. തുടർന്നാണ് കോഴിക്കോട്ടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് പല കാരണങ്ങളാല്‍ അതും നടന്നില്ല. തുടർന്നാണ് സ്വന്തം നാട്ടുകാരായ ചെറുപ്പക്കാരടങ്ങിയ സംഘത്തെ കൃത്യം നടത്താന്‍ അനിരുദ്ദന്‍ സമീപിച്ചതെന്ന് പോലീസ് പറയുന്നു. റിനീഷിനെ കൊല്ലണമെന്നായിരുന്നു രണ്ടര ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച കൊട്ടേഷന്‍. തുടർന്നാണ് അഞ്ചംഗ സംഘം ഡിസംബർ പതിനൊന്നിന് രാത്രി റിനീഷിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നത്. ഹൈക്കോടതി ജീവനക്കാരനായ റിനീഷിന്‍റെ മൂത്ത സഹോദരനെയും അപായപ്പെടുത്താന്‍ സംഘം പദ്ധതിയിട്ടിരുന്നെങ്കിലും പല കാരണങ്ങളാല്‍ അതും നടന്നില്ല. അതേസമയം തെറ്റിദ്ദരിച്ചാണ് അനിരുദ്ധന്‍ തന്നെ ആക്രമിച്ചതെന്നാണ് റിനീഷ് പറയുന്നത്.
കേസില്‍ എല്ലാവരും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കേസില്‍ വൈകാതെ കുറ്റപത്രം സമർപ്പിക്കും. അറസ്റ്റിലായ 7 പേരും നലവില്‍ ജയിലിലാണ്.