ദില്ലി : ഇറാഖ് കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്ന്. സൌദിയെ മറികടന്നാണ് റഷ്യ ഈ സ്ഥാനത്ത് എത്തിയത്. യുക്രൈന്‍ യുദ്ധത്തിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ റഷ്യ പ്രഖ്യാപിച്ച വലിയ വിലക്കുറവ് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെയാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ദ്ധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും 25 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങിയെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 16 ശതമാനത്തോളം വരും ഇത്. 2021 ലും, 2022 ആദ്യപാദത്തിലും ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നും ഉണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ ഇത് 5 ശതമാനം വര്‍ദ്ധിച്ചു. ഇതിന് പിന്നാലെയാണ് മെയ് മാസം അത് വീണ്ടും വര്‍ദ്ധിച്ചത് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ ഇതിനകം ഇന്ത്യ പലവട്ടം ലോക വേദികളില്‍ പ്രതിരോധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യത്തിന്‍റെ ചെറിയ ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത് എന്നാണ് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. ഇറാഖില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. മുന്‍പ് രണ്ടാം സ്ഥാനത്ത് സൌദി അറേബ്യ ആയിരുന്നു. അവര്‍ മെയ് മാസത്തിലെ കണക്ക് അനുസരിച്ച് മൂന്നാം സ്ഥാനത്തേക്ക് പോയി. ലോകവിപണിയില്‍ അസംസ്കൃത ക്രൂഡിന്‍റെ വില വര്‍ദ്ധിക്കുമ്പോള്‍ റഷ്യയില്‍ നിന്നുള്ള വിലകുറഞ്ഞ ക്രൂഡിന്‍റെ ഇറക്കുമതി രാജ്യത്തിന് സാമ്പത്തികമായി ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ 85 ശതമാനം ഇന്ധന ഉപയോഗവും ഇറക്കുമതി ചെയ്യുന്ന ക്രൂഡിനെ ആശ്രയിച്ചാണ്.
യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ക്രൂഡ് വാങ്ങുന്നത് പല രാജ്യങ്ങളും നിര്‍ത്തിയതാണ് റഷ്യന്‍ ക്രൂഡിന്‍റെ വിലക്കുറവിലേക്ക് നയിച്ചത്. ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും ബാരലിന് 30 ഡോളര്‍ എന്ന നിലയ്ക്ക് ക്രൂഡ് ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.