ന്യൂഡൽഹി : സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി ‘അഗ്നിവീരന്‍മാർക്ക്’ മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ‘അഗ്നിപഥ് പദ്ധതി’ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്കാണു മുൻഗണന നൽകുക. രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ ‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
‘യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ പദ്ധതിക്ക് ‘അഗ്നിപഥ്’ എന്നാണ് പേര്, ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾ ‘അഗ്നിവീർ’ എന്ന് അറിയപ്പെടും. സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതാക്കാനാണ് അഗ്നിപഥ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്’- വ്യോമസേന സീനിയർ എയർ സ്റ്റാഫ് ഓഫിസർ എയർമാർഷൽ ബി.സാജു വിശദീകരിച്ചു.
അഗ്നിവീരന്‍മാർക്ക് സായുധ സേനകളിൽ നാലു വർഷം സേവനമനുഷ്ഠിക്കാൻ സാധിക്കും. നാലു വർഷങ്ങൾക്ക് ശേഷം പൊതു സമൂഹത്തിലേക്കെത്തുന്ന ഇവർക്ക് അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യൻ സേനയുടെ ശരാശരി പ്രായം 4-5 വർഷം കുറയും. മൂന്ന് സേനകൾക്കും ബാധകമായ റിസ്ക്, ഹാർഡ്ഷിപ്പ് അലവൻസുകൾക്കൊപ്പം ആകർഷകമായ പ്രതിമാസ ശമ്പള പാക്കേജും അഗ്നിവീരർക്ക് ലഭിക്കും. നാല് വർഷ സേവന കാലാവധി പൂർത്തിയാകുമ്പോൾ, അഗ്നിവീരന്മാർക്ക് ഒറ്റത്തവണ ‘സേവാ നിധി’ പാക്കേജ് നൽകും. നാല് വർഷത്തേക്ക് അതത് സൈനിക നിയമങ്ങൾക്ക് കീഴിലുള്ള സേനയിൽ ചേർക്കും.
അഗ്നിപഥ് പദ്ധതിക്കു കീഴിൽ നിയമിക്കപ്പെടുന്ന അഗ്നിവീരന്മാരുടെ ജോലി സാധ്യതകൾ വർധിപ്പിക്കുന്നതിന്, പ്രതിരോധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് ലഭിച്ച നൈപുണ്യ പരിശീലനം ഉൾപ്പെടുത്തി മൂന്ന് വർഷ പ്രത്യേക നൈപുണ്യാധിഷ്ഠിത ബിരുദം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി കരസേനയും നാവികസേനയും വ്യോമസേനയും ഇഗ്നോയുമായി ധാരണാപത്രം ഒപ്പിടും.