സേലം : മദ്യപിച്ചെത്തി ദിവസവും അക്രമിക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. തമിഴ്നാട് കിച്ചിപ്പാളയം എസ്എംസി കോളനിയില്‍ സേതുപതി (33) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പ്രിയയെ(30) പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഏഴുവയസുള്ള മകളും പത്തുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ദമ്പതികള്‍ തമ്മില്‍ തര്‍ക്കം പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ (ഡിസംബര്‍ 24) പ്രിയയും സുഹൃത്തും ചേര്‍ന്ന് ഡ്രം പുറത്തേക്ക് എറിയാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പൊലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യയെ ചോദ്യം ചെയ്തതില്‍ ഇവര്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. പ്രിയയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.