തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും ഷാർജ ശൈഖുമായി ബന്ധമില്ലെന്നും അദ്ദേഹവുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
ഏതു സാഹചര്യത്തിലാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. ഷാർജ ശൈഖിനും കോൺസുൽ ജനറലിനും കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നിട്ടില്ല. അന്വേഷണ ഏജൻസികൾ വിശദമായി അന്വേഷിക്കുകയും മൊഴിയെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസാണിത്. കുറ്റപത്രത്തിൽ എവിടെയും ഇതെകുറിച്ചൊന്നും പരാമർശിക്കുന്നില്ല. ആരോപണത്തിൽ പറയുന്ന പോലെ ഒരു കോളജില്ല. അത് തുടങ്ങാൻ സ്ഥലം ലഭിച്ചിട്ടുമില്ല. കോൺസുൽ ജനറലുമായും ബന്ധമില്ല. ശൂന്യതയിൽ നിന്നാണ് സ്വപ്ന ആരോപണങ്ങൾ ഉന്നയിക്കുന്നത് -ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടുവെന്നും താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നുമാണ് സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിച്ചത്.മിഡില്‍ ഈസ്റ്റ് കോളജിന് ഭൂമി ലഭ്യമാക്കുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിന് കോണ്‍സുല്‍ ജനറലിന് കൈക്കൂലി അടങ്ങിയ ബാഗ് നല്‍കിയെന്നും അത് സരിത്താണ് ഏറ്റുവാങ്ങിയതെന്നും അത് പിന്നീട് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സത്യവാങ്മൂലത്തിലുണ്ട്.