ചോദ്യം : മിലിട്ടറിയിൽ നിന്നും വിരമിച്ച ആളാണ് 76 കാരനായ എന്റെ അച്ഛൻ. പുകവലി ശീലം ഉണ്ടായിരുന്നു. കഴിഞ്ഞ പത്തു വർഷമായി ഈ ശീലം തീരെയില്ല. മദ്യം ഉപയോഗിക്കാറില്ല. ഈയിടെയായി അച്ഛൻ വളരെ അസ്വസ്ഥനാണ്. വയറ് പെരുക്കുക, വിശപ്പില്ലായ്മ, വയറ് റബർ പോലിരിക്കുക എന്നിങ്ങനെയാണ് അച്ഛന്റെ പരാതികൾ. മറ്റ് അസുഖങ്ങളൊന്നും അച്ഛന് ഇല്ല. എന്താണ് ഞാൻ അച്ഛനു വേണ്ടി ചെയ്യേണ്ടത്?
ഉത്തരം : പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ഇല്ല എന്നതു തന്നെയാണ് ഏറ്റവും പ്രധാനമായ കാര്യം. അച്ഛന്റെ വയറിനാണ് പ്രധാനമായും പ്രശ്നം. അദ്ദേഹത്തിന്റെ ഭക്ഷണരീതികളെക്കുറിച്ച് താങ്കൾ ഒന്നും എഴുതിയിട്ടില്ല. സമയത്ത് ആഹാരം കഴിക്കണം എന്നത് നിർബന്ധമാണ്. വയർ അമിതമായി നിറയാനോ കാലിയാകാനോ പാടില്ല. ചെറിയ അളവുകളിൽ അഞ്ചോ ആറോ തവണയായി ഭക്ഷണം കഴിക്കുക. കൂടുതൽ മസാല ചേർത്തതും എരിവോ പുളിയോ അടങ്ങിയതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. മിതമായ അളവിൽ എരിവും പുളിയും ഉപയോഗിക്കാവുന്നതാണ്. രാവിലെ എട്ടരയോടെ ബ്രേക്ഫാസ്റ്റ് കഴിക്കുക. പത്തര– പതിനൊന്ന് മണിയോടെ െചറിയ പലഹാരങ്ങൾ എന്തെങ്കിലും കഴിക്കണം. ഒരു മണിക്കും രണ്ടു മണിക്കും ഇടയിൽ ഊണ് കഴിക്കുക.
വൈകുന്നേരം ചായയോ കാപ്പിയോ കഴിക്കുമ്പോൾ എന്തെങ്കിലും കഴിക്കുക. രാത്രിഭക്ഷം എട്ടുമണിയോടെ തീർക്കുക. പത്ത്– പത്തര സമയത്താണ് അച്ഛൻ ഉറങ്ങുന്നതെങ്കിൽ ആ സമയത്ത് പുളി ഇല്ലാത്ത പഴങ്ങൾ എന്തെങ്കിലും കഴിച്ചിട്ട് കിടക്കുന്നതു നല്ലതാണ്. ഓറഞ്ച്, മുസാംബി, മൈസൂർ പൂവൻ പഴം, നാരങ്ങാവെള്ളം, മോരു വെള്ളം എന്നിവ ഒഴിവാക്കുക. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഇവ ഒഴിവാക്കുക. കട്ടൻ ചായയും കട്ടൻ കാപ്പിയും എണ്ണത്തിൽ കൂടുതലാണെങ്കിൽ ഒഴിവാക്കുക. പാൽ കാപ്പിയോ പാൽ ചായയോ ഒന്നോ രണ്ടോ ആകാം. അതിൽ കൂടരുത്. ഭക്ഷണം ശരീരത്തിലേക്കു ചെല്ലേണ്ടതാണ് ആവശ്യം. ഇതോടൊപ്പം വയറിന് ഉതകുന്ന മരുന്നുകളും കഴിക്കണം.
ശോധന കൃത്യമാണോ എന്ന് ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ അതിന് മരുന്ന് കഴിക്കാവുന്നതാണ്. ഇതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള വ്യായാമവും നിർബന്ധമാണ്. പ്രായമുള്ളവരിൽ മനസ്സിന്റെ ധൈര്യം വളരെ പ്രധാനമാണ്. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. മറ്റ് അസുഖങ്ങളൊന്നും ഇല്ല എന്ന് ഉറപ്പു വരുത്താൻ രക്തപരിശോധന, ഇസിജി എന്നിവ ചെയ്യണം. ഇതെല്ലാം െചയ്തിട്ടും അച്ഛന്റെ ബുദ്ധിമുട്ടുകൾ ശമിക്കുന്നില്ലെങ്കിൽ തീർച്ചയായും എൻഡോസ്കോപ്പി ചെയ്യുക.