തിരുവനന്തപുരം : പണിയെടുത്തതിന്റെ കൂലിക്കായുള്ള സമരത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാർ. എന്നാൽ കെഎസ്ആര്‍ടിസിയിൽ ജോലിക്കാരായിരുന്നവരുടെ ആശ്രിതരുടെ കാര്യം അതിലും ദയനീയമാണ്. ആശ്രിത നിയമനം മരവിപ്പിച്ചതോടെ 300ഓളം കുടുംബങ്ങളാണ് പെട്ടെന്ന് നിരാലംബരായി മാറിയത്. സർവീസിലിരിക്കെ ഒരാൾ മരിച്ചൽ ആറ് മാസത്തിനകം ആശ്രിതർക്ക് നിയമനം നൽകണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. കെഎസ്ആർടിസിയിൽ ആശ്രിത നിയമന പദ്ധതിയുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി നിയമനം നടക്കുന്നില്ല. സർവീസിലിരിക്കെ മരിച്ച 300 ഓളം ജീവനക്കാരുടെ കുടുംബങ്ങളുടെ ജീവിതം ഇരുട്ടിലായി. ചെറുപ്രായത്തിൽ വിധവകളായവരടക്കം കുഞ്ഞുങ്ങളെ വളർത്താൻ കഴിയാതെ വലയുകയാണ്.
യോഗ്യത കണക്കാക്കി 231 പേരുടെ പട്ടിക തയ്യാറാക്കി. 24 അപേക്ഷകൾ പിശകുകൾ തിരുത്താനായി മാറ്റി വച്ചു. പ്രതീക്ഷയേകുന്ന നടപടികൾ നടന്നു, പക്ഷേ നിയമനം മാത്രം ഇല്ല. സുശീൽ ഖന്ന ശുപാർശ അനുസരിച്ച് ബസ്സുകളും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി 2017 മുതൽ കെഎസ്ആർടിസിയിൽ പുതിയ നിയമനങ്ങൾ നടത്തുന്നില്ല. അതിന്റെ മറവിലായണ് ആശ്രിത നയമനവും മരവിപ്പിച്ച് നിർത്തിയത്. അപേക്ഷ നൽകി കാത്തിരിക്കുന്ന പലർക്കും പ്രായപരിധി കഴിഞ്ഞു. ദേശീയ പെൻഷൻ പദ്ധതിൽ ചേർന്നിരുന്ന പലർക്കും ആ പണം പോലും കിട്ടുന്നില്ല.
ആശ്രിത നിയമനത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് ഗതാഗത മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിട്ട് മാസങ്ങൾ കഴിഞ്ഞു. ജോലിയിൽ പ്രവേശിക്കുന്പോൾ ഒരു ജീവനക്കാരന് നൽകിയ വാഗ്ദാനം അയാളുടെ മരണത്തോടെ മറക്കുന്ന ക്രൂരതയിൽ പകച്ച് നിൽക്കുകയാണ് കുടുംബങ്ങൾ.