ഉത്തര കൊറിയ : അജ്ഞാതമായ ഉദര രോഗത്തിന്റെ വ്യാപനത്തിൽ അമ്പരന്ന് ഉത്തര കൊറിയ. 800 ലധികം കുടുംബങ്ങളിൽ നിന്നായി 1600 -ൽ പരം പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. കോളറ അല്ലെങ്കിൽ ടൈഫോയിഡിന്റെ വകഭേദമാകാം രോഗമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രണ്ടരക്കോടി ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ ഏതാണ്ട് അമ്പത് ലക്ഷത്തോളം പേർക്ക് ഇതിനകം പകർച്ചപ്പനി ബാധിച്ചു കഴിഞ്ഞു. ഈ പനി കോവിഡ് ആണെന്ന അഭ്യൂഹവും ശക്തമാണ്. ഇതിനകം മരിച്ചത് 73 പേർ എന്നാണ് ഗവണ്മെന്റ് സ്ഥിരീകരണം എങ്കിലും യഥാർത്ഥ മരണസംഖ്യ എത്രയോ കൂടുതലാണ് എന്നാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ നിഗമനം. പകർച്ചപ്പനി നിയന്ത്രിക്കുക തന്നെ ദുഷ്കരമായിരിക്കുന്ന സാഹചര്യത്തിൽ അജ്ഞാതമായ ഉദരരോഗം കൂടി പടർന്നു പിടിക്കുന്നത് ഉത്തര കൊറിയയിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.