ദില്ലി : ഹീരാബേൻ മോദിയുടെ നൂറാം പിറന്നാളാണ് ഇന്ന്. ഈ ദിവസം തികച്ചും സാധാരണ ദിനം പോലെ തന്നെ കടന്ന് പോകുമെന്നായിരിക്കണം ആ അമ്മ കരുതിയിരുന്നത്. എന്നാൽ തിരക്കുകൾ മറന്ന് മകനും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി അരികിലെത്തിയതോടെ നൂറാം പിറന്നാൾ ദിനം നൂറിരട്ടി മധുരം നിറഞ്ഞതായി. 1923 ജൂൺ 18ന് ഗുജറാത്തിലെ വിസ്‌നഗർ ഗ്രാമത്തിലാണ് ഹീരാബേൻ മോദി ജനിച്ചത്. തന്റെ അമ്മയെ കുറിച്ച് വിാരനിർഭരമായ കുറിപ്പും മോദി പങ്കുവച്ചു.
സ്പാനിഷ് ഫ്‌ളു ബാധിച്ച് വളരെ ചെറുപ്പത്തിൽ തന്നെ മാതാവിനെ നഷ്ടപ്പെട്ട വ്യക്തിയാണ് എന്റെ അമ്മ. നമുക്കെല്ലാം സാധിക്കുന്നത് പോലെ അമ്മയുടെ മടിയിൽ കിടക്കാനോ, അമ്മയോട് ചെറിയ കാര്യങ്ങൾക്ക് വാശി പിടിക്കാനോ, ഒന്നും എന്റെ അമ്മയ്ക്ക് സാധിച്ചില്ല. വളരെ ചെറുപ്പം മുതൽ തന്നെ വീടിന്റെ ചുമതലകൾ ഏറ്റെടുത്ത അമ്മ വിവാഹ ശേഷവും പ്രാരാബ്ധങ്ങൾക്ക് നടുവിലായി. ഒരു ജനൽ പോലും ഇല്ലാത്ത, ശൗചാലയം പോലുമില്ലാത്ത വീട്ടിലാണ് എന്റെ അമ്മ കഴിഞ്ഞത്. എനിക്ക് നീന്താൻ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ കഷ്ടപ്പാട് കണ്ട് അലക്കാനുള്ള തുണികളെല്ലാം ഞാൻ കുളത്തിൽ കൊണ്ടുപോയി അലക്കുമായിരുന്നു. അങ്ങനെ അലക്കലും എന്റെ കുളത്തിലെ നീന്തലും ഞാൻ ഒരുമിച്ച് നടത്തി.
മഴക്കാലത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീട്ടിലെ വാസം ദുഷ്‌കരമായിരുന്നു. വീട് ചോർന്നൊലിക്കും. അന്ന് ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങൾ നിരത്തും. ഈ വെള്ളം അമ്മ പല വീട്ടാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. മഴ വെള്ള സംഭരണത്തിന്റെ ഇതിലും നല്ല ഉദാഹരണം മറ്റെന്താണ് ?’