തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ പൊലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദ്ദേശം. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതികള്‍, വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്കാന് ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്കി.
അഗ്നിപഥ്, പ്രതിഷേധം കത്തുന്നു, സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങാനാണ് കേന്ദ്ര സർക്കാർ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് കര, വ്യോമ സേനകൾ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേനയിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. അതേസമയം പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. ജെഡിയു ഉൾപ്പെടെയുള്ള സഖ്യ കക്ഷികളും അഗ്നിപഥിനെതിരെ സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പദ്ധതി അവതരിപ്പിച്ച രീതി ശരിയായില്ലെന്ന വിലയിരുത്തലാണ് ആർഎസ്എസിനുമുള്ളത്.