ലഖ്നോ: അതിവേഗത്തിൽ വരുന്ന എക്സ്പ്രസ് ട്രെയിനിന് മുന്നിൽ നിന്ന് വയോധികയുടെ ജീവൻ രക്ഷിക്കുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്‍റെ വിഡിയോ വൈറലാവുന്നു. ഉത്തർപ്രദേശിലെ ലളിത്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മധ്യപ്രദേശ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് ട്രാക്ക് മുറിച്ചുകടക്കാൻ വയോധിക ശ്രമിച്ചത്.
ട്രെയിൻ വരുന്നത് കണ്ട കമലേഷ് കുമാർ ദുബെ (59) ഓടിയെത്തി വയോധികയെ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ അതിവേഗം എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്നുണ്ട്. യു.പി ഝാൻസി ജില്ലയിലെ മഗർപൂർ ഗ്രാമവാസിയാണ് ദുബെ. വിരമിക്കാൻ 18 മാസം മാത്രം ശേഷിക്കുന്നതിനിടെയാണ് ഇദ്ദേഹം ഹീറോ ആയത്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലക്കാരിയായ രാംസഖി തിവാരിയാണ് രക്ഷപ്പെട്ട സ്ത്രീയെന്ന് പൊലീസ് പറഞ്ഞു.
“വയോധികയെ കണ്ട ഉടനെ ഞാൻ പ്ലാറ്റ്‌ഫോമിന്റെ അരികിലേക്ക് ഓടിയെത്തി. അപ്പോഴേക്കും ട്രെയിൻ അടുത്ത് എത്തിയിരുന്നു. മറ്റൊന്നും ചിന്തിക്കാതെ സർവ്വ ശക്തിയും ഉപയോഗിച്ച് അവരെ പിടിച്ച് കയറ്റി. ഭാഗ്യംകൊണ്ടാണ് സ്ത്രീ രക്ഷപ്പെട്ടത്. ആർ.പി.എഫിലൂടെ നേടിയ പരിശീലനം ഒരു ജീവൻ രക്ഷിക്കാൻ സഹായിച്ചു. ദുബെ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ “സൂപ്പർമാൻ” എന്ന വിശേഷണമാണ് ദുബെക്ക് നെറ്റിസെൻസ് നൽകിയത്.