കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആരാണു ചോർത്തിയതെന്ന് അറിയണമെന്നു കോടതിയോട് അതിജീവിത. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ അന്വേഷണം വേണം. ദൃശ്യങ്ങൾ മറ്റുള്ളവർ കണ്ടു എന്നതിനു സാക്ഷിമൊഴിയുണ്ട്. തന്റെ സ്വകാര്യത നഷ്ടപ്പെട്ടതായും അതിജീവിത കോടതിയിൽ ചൂണ്ടിക്കാട്ടി. ഹർജി നാളെ പരിഗണിക്കാനായി മാറ്റി വച്ചു.
അതേസമയം, മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തിനെതിരെ കേസിലെ പ്രതി ദിലീപ് കോടതിയിൽ നിലപാടെടുത്തു. കേസിന്റെ തുടരന്വേഷണം വൈകിപ്പിക്കുന്നതിനാണു ക്രൈംബ്രാഞ്ച് ഈ ആവശ്യവുമായി കോടതിയിൽ എത്തിയിരിക്കുന്നത്.അന്വേഷണ സംഘം വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും തുടരന്വേഷണം വൈകുന്നത് പ്രതികളെ സംശയ നിഴലിൽ തുടരാൻ ഇടവരുത്തുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് ഹർജിയിൽ കക്ഷി ചേരാനായി സർപ്പിച്ച അപേക്ഷയിലാണ് ദിലീപിന്റെ ആരോപണങ്ങൾ.
എന്നാൽ, മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്നു ദിലീപിനോട് കോടതി ചോദിച്ചു. സർക്കാരിനെതിരെയും കോടതി വിമർശനം ഉയർത്തി. ദൃശ്യങ്ങൾ ചോർന്നതായി റിപ്പോർട്ടിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിമർശനം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ട്.ദൃശ്യങ്ങൾ അടക്കിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെയാണു ദൃശ്യം ചോർന്നെന്നു പറയാനാകുക എന്നു കോടതി ചോദിച്ചു. വിചാരണ കോടതിയെ ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, വിചാരണ വൈകിപ്പിക്കാനാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു.