ദിവസേന ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാം എന്ന് നാം വളരെ കാലം മുൻപ് തന്നെ കേൾക്കുന്ന കാര്യമാണ്. ആപ്പിളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒട്ടു മിക്ക എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. വെള്ളത്തിനും ഊർജത്തിനും പുറമേ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ആപ്പിളിൽ അയേൺ അടങ്ങിയത്കൊണ്ട് ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും. പതിവായി ആപ്പിൾ കഴിക്കുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആപ്പിൾ കഴിക്കുന്ന സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത 22 ശതമാനം വരെ കുറയുമെന്ന് ഗവേഷകർ പറയുന്നു. ആസ്ത്മയ്ക്കുള്ള സാധ്യതകൾ കുറയ്ക്കാനും ആപ്പിളിനാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും പോളിഫിനോളുകളുമാണ് ഇതിനായി സഹായിക്കുന്നത്. ആപ്പിളിലെ ആന്റിഓക്‌സിഡന്റ് അർബുദത്തെ ചെറുക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ആപ്പിൾ കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. മനുഷ്യരിൽ നടത്തിയ മറ്റ് പഠനങ്ങൾ, ആപ്പിൾ കഴിക്കുന്നത് ശ്വാസകോശ, പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ സഹായകമാകുമെന്ന് കണ്ടെത്തി.
ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാൻ ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മിനറൽസും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു.