ദില്ലി: പൊലീസ് ഉദ്യോഗസ്ഥന്റെ കോളറിൽ പിടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രേണുക ചൗധരി വിവാദത്തിൽപ്പെട്ടതിന് പിന്നാലെ, മഹിളാ കോൺഗ്രസ് ദേശീയ ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പിയെന്ന് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നെറ്റ ഡിസൂസക്കെതിരെ വ്യാപക വിമർശനമുയർന്നു.
നാഷണൽ ഹെറാൾഡ് കേസിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരെ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് നെറ്റ ഡിസൂസ പോലീസുകാർക്കും വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ തുപ്പിയയത്. പ്രതിഷേധക്കാരെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്ത് ബസിൽ കയറ്റിയപ്പോഴാണ് സംഭവം. ബസിന്റെ വാതിലിൽ നിൽക്കുമ്പോഴാണ് പുറത്തുള്ള പൊലീസുകാർക്ക് നേരെ നെറ്റ ഡിസൂസ തുപ്പിയത്. എന്നാൽ പൊലീസ് തന്റെ മുടിയിൽ പിടിച്ച് വലിച്ചെന്നും തന്റെ വായിൽ വിഴുങ്ങാൻ കഴിയാത്തവിധം ചെളി നിറഞ്ഞിരുന്നെന്നും അതുകൊണ്ടാണ് തുപ്പിയതെന്നും നെറ്റ പ്രതികരണം തേടിയ മാധ്യമങ്ങളോട് വിശദീകരിച്ചു.
നെറ്റയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. നെറ്റയുടെ നടപടി ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൊന്നാവല്ല ട്വീറ്റ് ചെയ്തു. അസമിൽ പോലീസുകാരെ മർദ്ദിച്ചതിനും ഹൈദരാബാദിൽ കോൺഗ്രസ് വനിതാ നേതാവ് പൊലീസിന്റെ കോളർ പിടിച്ചതും നെറ്റ ഡിസൂസ പൊലീസുകാർക്ക് നേരെ തുപ്പിയതും രാഹുലിനെ അഴിമതിയുടെ പേരിൽ ഇഡി ചോദ്യം ചെയ്യുന്നതുകൊണ്ടാണ്. സോണിയയും പ്രിയങ്കയും രാഹുലും നെറ്റ ഡിസൂസക്കെതിരെ നടപടിയെടുക്കുമോയെന്നും ഷെഹ്‌സാദ് പൊന്നാവല്ല ചോദിച്ചു.