ദില്ലി : ജോയിന്റ് എൻട്രൻസ് പരീക്ഷ, മെയിൻസ് 2022 സെഷൻ 1 പരീക്ഷ 2022 ജൂൺ 23-ന് (നാളെ) ആരംഭിക്കുന്നു. രാവിലെ 9 മണി മുതൽ 12 മണിവരെയാണ് ആദ്യ ഷിഫ്റ്റ് പരീക്ഷ നടക്കുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് പരീക്ഷ ഉച്ചകഴിഞ്ഞ് 3 മണി മുതൽ ആറ് മണിവരെയും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഈ പ്രവേശന പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, കനത്ത സുരക്ഷയ്‌ക്കിടയിൽ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഈ വർഷത്തെ പരീക്ഷയ്ക്ക് എന്തൊക്കെയാണ് അനുവദനീയമായതെന്നും അല്ലാത്തതെന്നും പരിശോധിക്കണം.
പരീക്ഷ 2022 ജൂൺ 29-ന് അവസാനിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എൻടിഎ ഇന്നലെ jeemain.nta.nic.in-ൽ പുറത്തിറക്കി. രാജ്യത്തെ 501 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 22 നഗരങ്ങളിലും ജെഇഇ പരീക്ഷ നടത്തും. JEE മെയിൻസ് അഡ്മിറ്റ് കാർഡ് 2022 ന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് ചില പ്രധാന കാര്യങ്ങളും വിദ്യാർത്ഥികൾ മറക്കരുത്. പരീക്ഷയ്ക്ക് അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളുടെ ഒരു ഹ്രസ്വ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
JEE മെയിൻ 2022 പരീക്ഷാ ദിന മാർഗ്ഗനിർദ്ദേശങ്ങൾ
- ഗേറ്റ് അടച്ചതിന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കില്ല. അതിനാൽ, ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ മുൻകൂട്ടി എത്തിച്ചേരണമെന്ന് ഉറപ്പാക്കണം.
- ഓരോ ഉദ്യോഗാർത്ഥിയും സാധുവായ ഐഡന്റിറ്റി പ്രൂഫ് സഹിതം JEE മെയിൻ 2022 അഡ്മിറ്റ് കാർഡ് കൈവശം വയ്ക്കണം.
- JEE മെയിൻസ് 2022 പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ സെൽഫ് ഡിക്ലറേഷൻ ഫോം ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് കൈവശം വെക്കണം.
- COVID-19 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഉദ്യോഗാർത്ഥികൾ മാസ്കും സാനിറ്റൈസറും കരുതണം. ഉദ്യോഗാർത്ഥികൾ സാമൂഹിക അകലം പാലിക്കണം.
- എഴുത്ത് പേപ്പർ പരീക്ഷാകേന്ദ്രം നൽകും. അതിനാൽ, ഉദ്യോഗാർത്ഥികൾ ഒരു പേപ്പറും കൊണ്ടുപോകരുത്.
- പിഡബ്ല്യുഡി റിസർവേഷൻ ക്ലെയിം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ കോമ്പീറ്റന്റ് അതോറിറ്റി നൽകുന്ന പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം.