തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്‍റെ പുതിയ വകഭേദം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പുതിയ വകഭേദം ഉണ്ടാകുമോയെന്ന് പരിശോധിക്കുകയാണ്. അവയിലൊന്നും പുതിയ വകഭേദം കണ്ടെത്താനായില്ല. ഒമിക്രോൺ ആണ് കണ്ടെത്തിയത്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളിലും വർധന ഉണ്ടായിട്ടില്ല.
മെഡിക്കൽ കോളജുകളിലെ കാഷ്വൽറ്റികളിൽ എത്തിക്കുന്നവരിൽ അടിയന്തര ചികിത്സയും ഓപറേഷനും ആവശ്യമുള്ളവർക്ക് റെഡ് ടാഗ് അണിയിക്കാനും നിർണായക സമയത്ത് ചികിത്സ നൽകാനുമുള്ള പദ്ധതിയുമായി സർക്കാർ. റെഡ് ടാഗ് അണിയിക്കുന്നവരുടെ ഒ.പി ഷീറ്റിൽ റെഡ് മാർക്ക് അടയാളെപ്പടുത്തും. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിച്ച് ഓപറേഷൻ അടക്കമുള്ളവ അടിയന്തരമായി നടത്തും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടപ്പാക്കിയ ഈ പദ്ധതി ഉടൻതന്നെ സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകളിലും നടപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ് കേസരി ട്രസ്റ്റിന്റെ ‘മീറ്റ് ദ പ്രസ്’പരിപാടിയിൽ സംസാരിക്കവേ പറഞ്ഞു. സ്ട്രോക്ക് ഐ.സി.യു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉടൻ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ അംഗൻവാടികളിലും മുട്ടയും പാലും ജൂൺ മാസം മുതൽ നൽകിത്തുടങ്ങും. എയർ ആംബുലൻസ് സംവിധാനം ആലോചിച്ച് മാത്രമേ നടപ്പാക്കൂ. പുതിയ ആരോഗ്യവകുപ്പ് ഡയറക്ടറെ ഉടൻ നിയമിക്കും.