ലഖ്നോ : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിച്ചു. നാലുദിവസം മുമ്പ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്പ് പാടത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വയലില്‍നിന്ന് അഴുകിയ മണം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കര്‍ഷകന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഡിസംബര്‍ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ബുധനാഴ്ച വൈകിട്ട് തന്നെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയെ കണ്ടെത്താനായി രണ്ടംഗ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുള്ള കരിമ്പ് വയലിലാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. അതില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി തെളിഞ്ഞതായി പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വിദ്യ സാഗര്‍ മിശ്ര പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നുകുട്ടികളില്‍ ഏറ്റവും ഇളയതാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. പച്ചക്കറി വ്യാപാരിയാണ് പെണ്‍കുട്ടിയുടെ പിതാവ്. ഗ്രാമം മുഴുവന്‍ തിരഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് മാതാവ് പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.