തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരേയുണ്ടായ ആക്രമണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നടപ്പാക്കിയതാണെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ. എസ്എഫ്ഐക്കാരെ ഇളക്കി വിട്ടത് ജയരാജനാണ്. ബിജെപിയെ തൃപ്തിപ്പെടുത്താൻ നടത്തിയ നീക്കമാണിതെന്നും ഹസൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം. സംസ്ഥാനത്ത് ബിജെപി–സിപിഎം അച്ചുതണ്ട് പ്രവർത്തിക്കുന്നുണ്ട്. സ്വർണക്കടത്തു കേസിൽ പിണറായി വിജയന് സഹായാകുന്നതും ഈ അച്ചുതണ്ടാണെന്ന് ഹസൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലേക്കു നടന്ന എസ്എഫ്ഐ മാർച്ചും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിരുന്നു. സിപിഎം നേതൃയോഗങ്ങൾ നടക്കുന്നതിനിടെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ വിളിച്ചു വരുത്തി ഇവരിൽ നിന്നും വിശദീകരണം തേടിയിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്. ഇവർ കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.