കൽപറ്റ : വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് ഏബ്രഹാം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിടെ ഗാന്ധിചിത്രം തകർന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സാക്ഷികളിൽനിന്ന് വിവരങ്ങൾ ആരായുമെന്നും മനോജ് ഏബ്രഹാം പറഞ്ഞു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ, രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ മേൽനോട്ട ചുമതല മനോജ് ഏബ്രഹാമിനാണ്. ഇതിന്റെ ഭാഗമായി കൽപറ്റയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. ഓഫിസ് ആക്രമിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. സംഭവസ്ഥലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന കൽപറ്റ ഡിവൈഎസ്പി സുനിൽ കുമാറിനെ നേരത്തേ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.