തിരുവനന്തപുരം : പ്രതിപക്ഷം നിയമസഭ നടപടികൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. പെരുമാറ്റച്ചട്ടങ്ങൾ പ്രതിപക്ഷം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി സ്പീക്കർക്ക് പരാതി നൽകി. പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നുവെന്നും ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും സജി ചെറിയാൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അനാവശ്യം പറഞ്ഞാൽ സഭയിൽ ശക്തമായ പ്രതികരണം ഉണ്ടാകും. പ്രതിപക്ഷത്തിന് മുന്നിൽ പലപ്പോഴും വഴങ്ങിക്കൊടുത്തുവെന്നും ഇനി അത് അനുവദിക്കില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനിൽക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ല. പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണെന്നും കട്ടുമുടിച്ച് ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് തുറന്നടിച്ചു.
മികച്ച പ്രതിപക്ഷ നേതാവെന്ന് പാർട്ടിയിൽ തെളിയിക്കാനുള്ള കളികളാണ് വി.ഡി സതീശന്റേതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. അതിനുവേണ്ടി മുഖ്യമന്ത്രിക്കെതിരെ വായിൽ തോന്നുന്നത് വിളിച്ചുപറയാൻ അനുവദിക്കില്ല. മാന്യത കാണിച്ചാൽ തിരിച്ചും മാന്യത കാണിക്കുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.