കൊച്ചി : കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച കേസ് പരിഗണിക്കവേ, യൂണിയനുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി കടുത്ത നിലപാടെടുത്തതോടെ നിലവിലെ പ്രതിഷേധങ്ങളും സമരങ്ങളും അവസാനിപ്പിക്കാമെന്ന് കെ എസ് ആർ ടി സി യിലെ വിവിധ യൂണിയനുകൾ കോടതിയെ അറിയിച്ചു.
ശമ്പള വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് സമരം അവസാനിപ്പിച്ചില്ലെങ്കിൽ താൻ പിൻമാറുമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അറിയിച്ചത്. ഹർജി പരിഗണിക്കണമെങ്കിൽ സമരം അവസാനിപ്പിക്കണം. പാവപ്പെട്ട തൊഴിലാളികൾ കഠിനാധ്വാനം ചെയ്യുമ്പോള്‍ യൂണിയനുകൾ സമരം പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. കോടതിയെ ചുമ്മാ വിഡ്ഡിയാക്കരുതെന്ന് പറഞ്ഞ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഹർജിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവുകളെല്ലാം പിൻവലിക്കുമെന്നും മുന്നറിയിപ്പു നൽകി. ഇതോടെയാണ് നിലവിലെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും യൂണിയനുകൾ അറിയിച്ചത്.