ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നുപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമര്‍ശിച്ചു. രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും പറഞ്ഞ കോടതി, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നുപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.
പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി, നുപൂർ ശർമ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമര്‍ശിച്ചു. അറസ്റ്റ് നടക്കാത്തത് നുപൂറിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നുപൂർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. ജീവന് ഭീഷണിയുണ്ടെന്നും നുപുര്‍ ശര്‍മ സുപ്രീം കോടതിയെ അറിയിച്ചു.പ്രവാചകനെതിരായ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും നുപുര്‍ ശര്‍മയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നുപുറിനെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.