തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷത്തോളം പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത് ദേശീയതലത്തില്‍ തമാശയായിരുന്നെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നിയമസഭാ ഹാളില്‍ സ്കൂള്‍വിക്കി അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘കഴിഞ്ഞ വർഷത്തെ എസ്എസ്എൽസിയിൽ എ പ്ലസ് കിട്ടിയത് 1,25,509 കുട്ടികൾക്കാണ്. നമ്മുടെ റിസൾട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തിൽ തമാശയായിരുന്നു. എന്നാൽ, ഇത്തവണ 99 ശതമാനം വിജയമാണെങ്കിൽപോലും എ പ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ള റിസൾട്ടായിരുന്നു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഹയർസെക്കൻഡറിക്കും അങ്ങനെ നിലവാരം ഉണ്ട്.’–മന്ത്രി പറഞ്ഞു.
ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.26 % പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. കഴിഞ്ഞവർഷം 99.47% ആയിരുന്നു. ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ 44,363 ആണ്. കഴിഞ്ഞവർഷം ഇത് 1,21,318 ആയിരുന്നു. കേരളത്തിന്റെ ചരിത്രം വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയൊരു ഉപാധികൂടിയായ ‘സ്കൂള്‍വിക്കി’യില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാനും പുതുക്കാനും സ്കൂളുകള്‍ ശ്രദ്ധിക്കണം.
മെന്ററിങ് പോർട്ടലിലും സമഗ്ര റിസോഴ്സ് പോർട്ടലിലും ഈ മാസം മുതല്‍ അധ്യാപകർക്ക് പരിശീലനം നല്‍കും. സ്കൂളുകള്‍ക്ക് ഐടി പിന്തുണ നല്‍കാന്‍ കൂടുതല്‍ മാസ്റ്റർ ട്രെയിനർമാരെ കൈറ്റിന്റെ ഭാഗമാക്കി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.