കോട്ടയം: ഫാരിസ് അബൂബക്കർ കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രിയാണെന്ന് പി സി ജോർജ്. ആറു വർഷമായി പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നു എന്നേ ഉള്ളൂ. നിയന്ത്രണം ഫാരിസിനാണ്. 2009 ൽ കോഴിക്കോട് ലോക്‌സഭ സീറ്റിൽ വീരേന്ദ്രകുമാറിനെ മാറ്റി അത് ഫാരിസിന് കൊടുത്തു. ഫാരിസ് നിർത്തിയ സ്ഥാനാർഥിയാണ് മുഹമ്മദ് റിയാസ്. ആ റിയാസാണ് ഇപ്പോഴത്തെ മന്ത്രി.
2004 ലെ മലപ്പുറം സമ്മേളനം മുതൽ പിണറായിയുടെ മെന്‍റർ ആണ് ഫാരിസ്. മലപ്പുറത്ത് ഒളിച്ചു താമസിച്ചാണ് ഫാരിസ് വി എസിനൊപ്പമുള്ള പ്രതിനിധികളെ മറിച്ചത്. പണമെറിഞ്ഞ് ഫാരിസാണ് അട്ടിമറി നടത്തിയത്. കഴിഞ്ഞ ആറു വർഷമായി കേരളത്തിൽ ആരും ഫാരിസിനെ കണ്ടിട്ടില്ല. കണ്ടത് പിണറായി വിജയൻ മാത്രമാണെന്നും പി സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണങ്ങൾക്കും തലേ ദിവസം ഫാരിസ് എത്തിയിരുന്നു. തന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇല്ലാത്തത് കൊണ്ടാണ് സി പി എം അവഗണിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു.
എ കെ ജി സെന്‍റർ ആക്രമണം നടത്തിയ പ്രതിയെ പിടിച്ചാൽ ഏതെങ്കിലും സി പി എം നേതാക്കളുടെ മക്കളാവും പ്രതിയാവുകയെന്ന് പി സി ജോർജ് ആരോപിച്ചു. സ്ഫോടനത്തിനു പിന്നാലെ കലാപ ആഹ്വാനം നടത്തിയത് ഇ.പി.ജയരാജൻ ആണ്. തനിക്കെതിരെ കേസ് എടുത്ത പൊലീസ് ജയരാജനെതിരെ കേസ് എടുക്കുന്നില്ല. പിണറായിയും കോടിയേരിയും ജയരാജനും അറിയാതെ എ കെ ജി സെന്‍റർ ആക്രമണം നടക്കില്ല.
നിഗൂഢതകളുടെ കൂമ്പാരം ആണ് വീണ വിജയൻറെ സ്ഥാപനം. വീണ വിജയൻ ആദ്യം ജോലി ചെയ്ത സ്ഥാപനം അവർക്കതിരെ നിമനടപി സ്വീകരിക്കുന്നുവെന്ന് കേൾക്കുന്നുണ്ട്. .ഇതേക്കുറിച്ച് പിന്നെ പറയാം.മകളുടെ ഐ ടി കമ്പനി കേരളത്തിൽ തുടങ്ങാൻ മുഖ്യമന്ത്രി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കമ്യൂണിസത്തിൻറെ മഹത്വം കാത്ത് സൂക്ഷിക്കുന്ന ആളാണ് പി ജയരാജൻ. പി ജയരാജനും മക്കളുണ്ട് പിണറായി വിജയനും മക്കളുണ്ട്. രണ്ട് കൂട്ടരും എവിടെയാണ്. യഥാർഥ കമ്മ്യൂണിസ്റ്റായ പി.ജയരാജന്‍റെ മക്കൾ കട്ട കമ്പനിയിൽ ജോലി ചെയ്തും ഓട്ടോ റിക്ഷ ഓടിച്ചും ആണ് ജീവിക്കുന്നത്. പി.ജയരാജന്‍റെ കമ്മ്യൂണിസമാണോ പിണറായിയുടെ കമ്മ്യൂണിസമാണോ ശരിയെന്ന് സി പി എം പറയണം .
താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇ ഡി തെളിവ് ചോദിക്കുമ്പോൾ കൊടുക്കാമെന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു. സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ കഴിഞ്ഞ ദിവസം പി സി ജോർജിനെ പൊലീസ് അറസ്റ്റ് െചയ്തിരുന്നു. എന്നാൽ അന്നുതന്നെ കോടതിയിൽ നിന്ന് ജാമ്യം നേടി ഇറങ്ങിയ പി സി ജോർജ് തന്‍റെ അറസ്റ്റിന് പിന്നിൽ പിണറായി വിജയന്‍റെ നീക്കമാണെന്ന് ആരോപിച്ചിരുന്നു. സ്വർണക്കടത്തും ആയി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ചെയ്യുന്ന വേലകളാണ് തന്‍റെ അറസ്റ്റ് ഉൾപ്പെടെയെന്നും പി സി ജോർജ് ആരോപിച്ചിരുന്നു. മാത്രവുമല്ല, ജാമ്യം നേടി ഇറങ്ങിയ പി സി ജോർജ് മുഖ്യമന്ത്രിക്കും മകൾക്കും എതിരെ അതി ഗുരുതര വിമർശനങ്ങളാണ് ഉന്നയിച്ചത്